അടുത്ത പൊതു തെരഞ്ഞെടുപ്പിൽ റിഷി സുനകിന്റെ ടോറി പാർട്ടിയെ കാത്തിരിക്കുന്നത് നാണം കെട്ട തോൽവിയെന്ന് പുതിയ സർവ്വേ റിപ്പോർട്ടുകൾ. 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവ്വേയിൽ പറയുന്നത്, ഭരണകക്ഷി വരുന്ന തെരഞ്ഞെടുപ്പിൽ 98 സീറ്റുകളിൽ ഒതുങ്ങും എന്നാണ്. അതേസമയം അട്ടിമറി വിജയം നേടുന്ന ലേബർ പാർട്ടി 468 സീറ്റുകൾ വരെ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. സൺഡേ ടൈംസിലായിരുന്നു ഈ സർവ്വേഫലം വന്നത്.
ലേബർ പാർട്ടിക്ക് 45 ശതമാനം പോയിന്റുകൾ ലഭിച്ചപ്പോൾ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ചത് വെറും 26 ശതമാനം മാത്രമായിരുന്നു. സ്‌കോട്ട്ലാൻഡിലും, വെയ്ൽസിലും ഇപ്പോൾ പാർട്ടിയുടെ കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. അതിനേക്കാൾ ഏറെ ഞെട്ടിപ്പിക്കുന്ന സംഗതി, പ്രധാനമന്ത്രി സുനക് തന്റെ മണ്ഡലത്തിൽ ലേബർ പാർട്ടിയോട് തോൽക്കാൻ സാധ്യതയുണ്ട് എന്ന പ്രവചനമാണ്.
സുനകിനും പാർട്ടിക്കും ഞെട്ടലുളവാക്കുന്ന രീതിയിൽ റിഫോംസ് യു കെയുടെ ജനപിന്തുണ വർദ്ധിച്ചു വരുന്നതായും സർവ്വേ ഫലം ചൂണിക്കാണിക്കുന്നു. കൺസർവേറ്റീവ് പാർട്ടി പരാജയപ്പെടുന്ന ഏഴോളം സീറ്റുകളിൽ റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സർവ്വേ പറയുന്നത്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന് മുൻപായി വിമതർ സുനകിനെ നിലത്തിറക്കില്ല എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
കൺസർവേറ്റീവ് പാർട്ടിയിൽ മറ്റൊരു നേതൃത്വമാറ്റം ഉണ്ടാകുന്നതിനെ 62 ശതമാനം പേർ എതിർത്തപ്പോൾ 38 ശതമാനം പേർ മാത്രമായിരുന്നു അനുകൂലിച്ചത്. കൺസർവേറ്റീവ് വോട്ടർമാരിൽ 70 ശതമാനത്തോളം പേർ, വരുന്ന പൊതു തെരഞ്ഞെടുപ്പിൽ സുനക് പാർട്ടിയെ നയിക്കണം എന്ന അഭിപ്രായമുള്ളവരാണ്. സർവ്വെഫലം മൊത്തത്തിൽ പരിഗണിച്ചാൽ കണസർവേറ്റീവ് പാർട്ടി 21 പോയിന്റുകൾക്കാണ് ലേബർ പാർട്ടിയുടെ പുറകിൽ പോയിരിക്കുന്നത്. പെന്നി മൗർഡന്റ് പാർട്ടി നേതൃത്വം ഏറ്റെടുത്താൽ ഇത് 15 ശതമാനമാക്കി കുറയുമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നത്.
© Copyright 2023. All Rights Reserved