അടുത്ത വർഷം മുതൽ ബ്രിട്ടീഷ് പോലീസ് പുതിയ സാങ്കേതിക വിദ്യ ഉപയോഗത്തിൽ വരുത്തുകയാണ്. എമർജൻസി നമ്പറിൽ വിളിച്ചാൽ ആദ്യ പ്രതികരണവുമായി എത്തുക ഡ്രോണുകളായിരിക്കും. ഇതിന്റെ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുക നോർഫോക്കിൽ ആയിരിക്കും. നാഷണൽ പോലീസ് എയർ സർവീസിന്റെ കേന്ദ്രങ്ങൽ ദൂരെ ആയതിനാൽ, ഇവിടെക്കുള്ള ഹെലികോപ്റ്റർ സർവ്വീസുകൾ പരിമിതമായതിനാലാണ് നോർഫോക്കിനെ പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ പരീക്ഷണം വിജയിച്ചാൽ, ഡ്രോണുകൾ കെട്ടിടങ്ങൾക്ക് മുകളിലായിരിക്കും സൂക്ഷിക്കുക. വിദൂര പ്രദേശങ്ങളിൽ നിന്നും ഇവയെ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും കഴിയും. എമർജൻസി നമ്പറിൽ വിളി വന്നുകഴിഞ്ഞാൽ ഉടൻ തന്നെ പോലീസ് ഇവയെ സംഭവസ്ഥലത്തേക്ക് അയച്ച് സ്ഥലത്തെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കും. തെംസ് വാലി, ഹാമൊപ്ഷയർ പോലീസ് വിഭാഗങ്ങളും ഇതിന്റെ പരീക്ഷണത്തിനായി പദ്ധതി തയ്യാറാക്കുന്നുണ്ട്..
നേരത്തെ അമേരിക്കയിലെ സാൻ ഡീഗോയിൽ ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തിയിരുന്നു. ഡ്രോൺസ് ആസ് ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്ന് വിളിക്കുന്ന ഈ പുതിയ പദ്ധതി പരീക്ഷിക്കാൻ ബെൽജിയവും നെതെർലാൻഡ്സും ഒരുങ്ങുന്നുണ്ട്. ഡി എഫ് ആർ എന്നത് നഗരത്തിലെ ഏതെങ്കിലും ഒരു കെട്ടിടത്തിന് മുകളിൽ ഒറ്റയായി ഇരിക്കുന്ന ഒരു ഡ്രോൺ ആണ്. ഇതിനെ സംരക്ഷിക്കാൻ ഒരു കവചവും ഉണ്ടായിരിക്കും. 999 എന്ന നമ്പറിൽ ഫോൺ വിളികൽ സ്വീകരിക്കുന്ന കൺട്രോൾ സ്റ്റേഷനിൽ ഇരുന്ന് റിമോട്ടിന്റെ സഹായത്തോടെ ഇതിനെ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും കഴിയും.
അപകടമോ അതുപോലുള്ള മറ്റു സംഭവങ്ങളൊ നടന്ന് വിവരം ലഭിച്ചാൽ ഉടൻ തന്നെ കൺട്രോൾ സ്റ്റേഷനിൽ ഇരുന്ന് ഇതിനെ പ്രവർത്തിപ്പിക്കാം. സംഭവ സ്ഥലത്തിന് മുകളിലൂടെ പറന്ന് സ്ഥലത്തെ തത്സമയ സാഹചര്യങ്ങൾ കൺട്രോൾ സ്റ്റേഷനെ അറിയിച്ചു കൊണ്ടിരിക്കും.ഒപ്പം കൺട്രോൾ റൂമിലേക്കും വിവരങ്ങൾ അയയ്ക്കും. കൺട്രോൾ റൂമിൽ നിന്നുള്ളവരാണ് എമർജൻസി കോൾ വന്നാൽ ആദ്യം സ്ഥലത്ത് എത്തേണ്ടത് എന്നതിനാലാണ് അവരെയും തത്സമയ വിവരം അറിയിക്കുന്നത്.
സംഭവത്തിന് ദൃക്സാക്ഷികളായി ഞെട്ടിയിരിക്കുന്നവർ വിളിച്ചു പറയുന്നതിനേക്കാൾ കൃത്യമായി സംഭവത്തിന്റെ യഥാർത്ഥ ഗൗരവമ്മ് മനസ്സിലാക്കാൻ ഡ്രോൺ സഹായിക്കും എന്നതാണ് ഇതിന്റെ ഒരു മേന്മ. നിലവിൽ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും പോലീസ് ഏകദേശം 400 ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇത്, പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെ ദൃഷ്ടി മണ്ഡലത്തിനപ്പുറത്തേക്ക് ഉപയോഗിക്കാൻ കഴിയില്ല. വ്യോമപാതകൾ ഇല്ലാത്ത ഇടങ്ങളിൽ, ഡ്രോണുകൾ ദൃഷ്ടിമണ്ഡലത്തിന് പുറത്തേക്കും പറത്തുവാൻ പോലീസ് ഓപ്പറേറ്റർമാർക്ക് അടുത്ത വർഷം മുതൽ അനുവാദം നൽകുന്ന കാര്യവും ആലോചനയിലുണ്ട്.
സേനയുടെ പ്രവർത്തനങ്ങളിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കണം എന്ന് പോലീസും ക്രൈം കമ്മീഷണർമാരും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് പ്രതിവർഷം 40 മില്യൻ പൗണ്ടിന് മുകളിലാണ് എൻ എ പി എസ്സിന് നൽകുന്നത്.
ഹെലികോപ്റ്ററുകൾ ചെലവേറീയവയാണെന്നും, ഡ്രോണുകൾ കൂടുതൽ വേഗതയാർന്നതും താരതമ്യേന ചെലവ് കുറഞ്ഞവയുമാണെന്നും കഴിഞ്ഞയാഴ്ച്ച അസ്സോസിയേഷൻ ഓഫ് പോലീസ് ആൻഡ് ക്രൈം കമ്മീഷണേഴ്സ് ചെയർവുമൻ ഡോണ ജോൺസ് പറഞ്ഞിരുന്നു. സാങ്കേതിക വിദ്യ അവിശ്വസനീയമാം വണ്ണം വികസിക്കുകയാണെന്നും, ഡ്രോണുകൾ ഫലപ്രദമായ ഒരു ബദൽ ഉപാധിയാണെന്നും ഹോം ഓഫീസിനെ അറിയിച്ചതായും അവർ പറഞ്ഞു.
സാങ്കേതിക വിദ്യ അവിശ്വസനീയമാം വണ്ണം വികസിക്കുകയാണെന്നും, ഡ്രോണുകൾ ഫലപ്രദമായ ഒരു ബദൽ ഉപാധിയാണെന്നും ഹോം ഓഫീസിനെ അറിയിച്ചതായും അവർ പറഞ്ഞു.
© Copyright 2023. All Rights Reserved