ബ്രിട്ടന് മറ്റൊരു തണുത്ത വാരാന്ത്യം കൂടി സമ്മാനിച്ചു കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ചയുണ്ടാകും. വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ ഏറ്റവും അധികം മഞ്ഞുവീഴ്ച്ചയുണ്ടാവുക തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലായിരിക്കും എന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കടലോര പട്ടണങ്ങളായ ഡെവൺ, ഡോർസെറ്റ്, കോൺവാൾ എന്നിവിടങ്ങളിൽ കടുത്ത മഞ്ഞുവീഴ്ച്ചയുണ്ടാകും. അതേസമയം ബെൽഫാസ്റ്റിലും ഡബ്ലിനിലും ഐസ് മഴയും പ്രതീക്ഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ അന്തരീക്ഷ ഭൂപടത്തിൽ യു കെ യെ ഒരു 400 മൈൽ സ്നോ ബോംബ് കൊണ്ട് വെള്ളിയാഴ്ച്ച രണ്ടായി പകുത്തതായി കാണുന്നു. അതായത്, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച തീരെയുണ്ടാകില്ല. എന്നാൽ, ശനിയാഴ്ച്ചയോടെ കൂടുതൽ ഭാഗങ്ങളിലേക്ക് മഞ്ഞുവീഴ്ച്ച വ്യാപിക്കും. യു കെയുടെ അംഗരാജ്യങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. വെൽഷ് പർവ്വതനിരകളിലും പീക്ക് ഡിസ്ട്രിക്ടിലും മഞ്ഞുവീഴ്ച്ചയുണ്ടാകും.
അതേസമയം വാരാന്ത്യത്തിൽ യു കെയുടെ വ്യത്യസ്ത ഭാഗങ്ങളിൽ 84 മണിക്കൂർ മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്ന് കാലാവസ്ഥ ഭൂപടങ്ങൾ കാണിക്കുന്നു. തെക്ക് കിഴക്കൻ ഭാഗത്തു നിന്നുമെത്തുന്ന മഴ വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ചയുമായി വടക്ക് ദിശയിലേക്ക് നീങ്ങുമെന്നാണ് മെറ്റ് ഓഫീസ് വക്താവ് അറിയിച്ചത്. എന്നാൽ, ഇത് ചലിച്ചു കൊണ്ടിരിക്കുന്ന ഒന്നായതിനാൽ, ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി 84 മണിക്കൂർ മഞ്ഞുവീഴ്ചയുണ്ടാകില്ല.
ശനിയാഴ്ച്ച ഹിമപാതം ഉണ്ടാകും. എന്നാൽ, അത് സാവധാനം കുറഞ്ഞ് വന്നു വടക്കൻ പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങും. ഞായറാഴ്ച്ചയോടെ മഴയും കുറയും. പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. നിലവിലെ കാലാവസ്ഥാ ഭൂപടങ്ങൾ കാണിക്കുന്നത് മാഞ്ചസ്റ്റർ, ബർമ്മിംഗ്ഹാം, ന്യുകാസിൽ എന്നിവയുൾപ്പടെയുള്ള പല പ്രദേശങ്ങളിലും അതി തീവ്രമായ തണുപ്പ് അനുഭവപ്പെടും എന്നാണ്. മാർച്ച് 2, ശനിയാഴ്ച്ച ഇവിടെ താപനില മൈൻസ് 6 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു.
© Copyright 2023. All Rights Reserved