ഇന്ത്യയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന വൻതോതിൽ പ്രതിരോധ നിർമാണം നടത്തിയെന്നു യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗൺ. 2022ൽ ചൈന എൽഎസിയിൽ സൈനികവിന്യാസം വർധിപ്പിച്ചു, ഡോക്‌ലാമിനു സമീപം ഭൂഗർഭ സംഭരണ കേന്ദ്രമുൾപ്പെടെ അടിസ്ഥാന സൗകര്യ നിർമാണം തുടർന്നു, പാംഗോങ് തടാകത്തിൽ രണ്ടാമത്തെ പാലം നിർമിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് പെന്‍റഗൺ റിപ്പോർട്ടിൽ പറയുന്നത്. ചൈനയുടെ സൈനിക, സുരക്ഷാ നീക്കങ്ങളെക്കുറിച്ചു പറയുന്ന 2023ലെ റിപ്പോർട്ടിലാണ് ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന നിർമാണങ്ങളെക്കുറിച്ചു പരാമർശം. എൽഎസിയിലെ അതിർത്തി രേഖ സംബന്ധിച്ച് ഇന്ത്യയും ചൈനയും തുടരുന്ന വ്യത്യസ്ത കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റമുട്ടലിനും സംഘർഷങ്ങൾക്കും സൈനിക കേന്ദ്രീകരണത്തിനും വഴിയൊരുക്കി.ഇതിനിടെയും 2022ൽ ചൈന എൽഎസിയിലുടനീളം സൈനിക അടിസ്ഥാന സൗകര്യ വികസനം തുടർന്നു. ഡോക്‌ലാമിനു സമീപം ഭൂഗർഭ സംഭരണ കേന്ദ്രം നിർമിച്ചു. എൽഎസിയിലെ മൂന്നു സെക്റ്ററുകളിലും പുതിയ റോഡുകൾ നിർമിച്ചു. ഭൂട്ടാനോടു ചേർന്നുള്ള തർക്കപ്രദേശങ്ങളിൽ പുതിയ ഗ്രാമങ്ങൾ നിർമിച്ചു. പാംഗോങ് തടാകത്തിൽ രണ്ടാമതൊരു പാലം പൂർത്തിയാക്കി. മധ്യ സെക്റ്ററിൽ നിരവധി ഹെലിപ്പാഡുകളോടെ സൈനിക- സിവിലിയൻ ആവശ്യത്തിനുള്ള വിമാനത്താവളം നിർമിച്ചു- റിപ്പോർട്ട് പറയുന്നു.
© Copyright 2023. All Rights Reserved