ഹിൻഡൻബർഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സർക്കാർ. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി. അദാനിക്കെതിരായ അന്വേഷണം സെബി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയെത്തി.
അദാനിക്കെതിരെ അന്വേഷണം നടത്തുന്ന സെബിയുടെ ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് കേന്ദ്രം കൂട്ടു നിന്നെന്നും സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യം ശക്തമാക്കുമ്പോൾ സർക്കാർ മൗനത്തിലാണ്. സെബി ചെയർപേഴ്സണെ മാറ്റണമെന്ന ആവശ്യത്തോട് ധനമന്ത്രാലയം പ്രതികരിച്ചില്ല.
സംഭവത്തോട് സെബിയും ആരോപണവിധേയയായ ചെയർ പേഴ്സൺ മാധബി ബൂച്ചും പ്രതികരിച്ചു കഴിഞ്ഞെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് ധനകാര്യമന്ത്രലായം സെക്രട്ടറി അജയ് സേത്തിൻറെ നിലപാട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന ശേഷം ഓഹരിവിപണിയിലുണ്ടായ തളർച്ചയെ കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്ന് മന്ത്രി കിരൺ റിജിജു ആരോപിച്ചു.
ഇതിനിടെയാണ് അദാനിക്കെതിരായ. സെബി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയർന്നതിനാൽ സംശയത്തിൻറെ അന്തരീക്ഷം ഒഴിവാക്കണമെന്നും അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ കൃത്രിമം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സിബിഐ അന്വേഷണമോ പ്രത്യേക സംഘത്തിൻറെ അന്വേഷണമോ ആവശ്യപ്പെട്ട് 2023ൽ വിശാൽ തിവാരി ഹർജി സമർപ്പിച്ചിച്ചിരുന്നു. എന്നാൽ സെബി അന്വേഷണം പര്യാപ്തമാണെന്നായിരുന്നു കോടതി ഉത്തരവ്. അദാനിക്കെതിരായ അന്വേഷങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും 24 ആക്ഷേപങ്ങളിൽ 23 ഉം അന്വേഷിച്ചെന്നായിരുന്നു ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ സെബി പുറത്തിറക്കിയ പ്രസ്താവനയിലെ വിശദീകരണം.
© Copyright 2023. All Rights Reserved