ഇന്ത്യൻ ടി20 ടീമിൻറെ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും, ലോകകപ്പോടെ കരാർ അവസാനിച്ച ദ്രാവിഡിന് അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയത്. നേരത്തെ പരിശീലക സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്ന് വിവിഎസ് ലക്ഷ്മൺ, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തൽസ്ഥാനത്ത് തുടരും. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും തുടർച്ചയായി പത്ത് ജയങ്ങളുമായി ഇന്ത്യ റെക്കോർഡിട്ടിരുന്നു. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ദ്രാവിഡ് പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. ഡിസംബർ ആറിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി തിരിക്കുന്നത്. മൂന്ന് ടി20കളോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ യാത്ര തുടങ്ങുന്നത്. ഡിസംബർ 10, 12, 14 തിയതികളിലാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.2021ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞതോടെയാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായത്. രണ്ട് വർഷത്തെ പരിശീലന കാലയളവിൽ ഈ വർഷം നടന്ന ഏഷ്യാ കപ്പിലൊഴികെ മറ്റ് കിരീടങ്ങളൊന്നും നേടാൻ ദ്രാവിഡിൻറെ കീഴിൽ ഇന്ത്യക്കായിട്ടില്ല. 2022ലെ ടി20 ലോകകപ്പിൽ സെമിയിലും ഈ വർഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ലോകകപ്പിനുശേഷം ദ്രാവിഡിനും സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചതിനാൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.
© Copyright 2024. All Rights Reserved