സ്ഥലകാലങ്ങളെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തി കാലാതീതമായ മാസ്റ്റർപീസുകളെ ആഗോളവത്ക്കരിക്കുകയാണ് ഓരോ ചലച്ചിത്രോത്സവങ്ങളും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സുന്ദരഭൂമിയായ ഗോവ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങുമ്പോൾ ചലച്ചിത്രാസ്വാദകരെ കാത്തിരിക്കുന്നത് സിനിമാറ്റിക് അനുഭവങ്ങളുടെ വലിയ സർപ്രൈസുകളാണ്. ഗോവയിൽ ഈ മാസം 20 മുതൽ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ബ്രിട്ടീഷ് സംവിധായകൻ സ്റ്റുവേർട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബിൽജ് സെലാൻ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്‌ഫെസ്റ്റ് ചിത്രമാകും. അമേരിക്കൻ സംവിധായകൻ റോബർട്ട് കൊളോഡ്‌നിയുടെ ബയോപിക് ആയ ദി ഫെതർവെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം.സിനിമ കാഴ്ചകളുടെ മാത്രമല്ല ഗൗരവമേറിയ ചലച്ചിത്ര സംബന്ധിയായ ചർച്ചകൾക്കും പതിവുപോലെ ഐഎഫ്എഫ്‌ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിൾ ഡഗ്ലസ് ഉൾപ്പെടെയുള്ള പ്രമുഖകർ സിനിമാ ചർച്ചകളുടെ ഭാഗമാകും. സാറാ അലി ഖാൻ, റാണി മുഖർജി, വിദ്യാ ബാലൻ, സണ്ണി ഡിയോൾ, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, ബോണി കപൂർ, തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകൾ ചർച്ചകളിലുണ്ടാകും.
© Copyright 2024. All Rights Reserved