സർക്കാർ വിലകൂട്ടിയത് 13 ഇനം സാധനങ്ങളുടെയും സബ് സിഡി 35 ശതമാനമാക്കി കുറക്കണമെന്ന വിദഗ്ധസമിതി ശുപാർശ അംഗീകരിച്ചുകൊണ്ടാണ്.തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയേൽപിച്ചാണ് സപ്ളൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില സർക്കാർ കൂട്ടിയത്. മൂന്ന് രൂപ മുതൽ 46 രൂപവരെയാണ് കൂടിയത്. തുവരപരിപ്പിനും 46 രൂപയും മുളകിനും നാല്പത്തിനാലര രൂപയുമാണ് സബ് സിഡി 35 ശതമാനമാക്കി കുറച്ചതോടെ ഒറ്റയടിക്ക് കൂടിയത്.പൊതുവിപണിയിലെ പൊള്ളും വിലക്കാലത്ത് പാവങ്ങൾക്കുണ്ടായിരുന്ന ആശ്വാസമാണ് നഷ്ടമാകുന്നത്. സപ്ളൈകോയിലും ഇനി അവശ്യസാധനങ്ങൾക്ക് വലിയ വില കൊടുക്കണം. 37.50 രൂപയുണ്ടായിരുന്ന അര കിലോ മുളകിന് ഇനി 82 രൂപ നൽകണം. തുവര പരിപ്പ് ഒരു കിലോക്ക് കൂടിയത് 46 രൂപ. വൻപയറിന് 31 രൂപയും വൻ കടലക്ക് 27 രൂപയും ഉഴുന്നിന് 29 രൂപയും ചെറുപയറിന് 19 രൂപയുമാണ് കൂടിയത്. ജയ അരിക്കു് 4 രൂപയും കുറവക്കും മട്ട അരിക്കും 5 രൂപ വീതവും കൂടി. മൂന്ന് രൂപ അധികം നൽകണം ഇനി പച്ചരി കിട്ടാൻ. 13 ഇനം സാധനങ്ങളുടെയും സബ് സിഡി 35 ശതമാനമാക്കി കുറക്കണമെന്ന വിദഗ്ധസമിതി ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ വിലകൂട്ടിയത്.
13 ഇനം സാധനങ്ങൾ കിട്ടാൻ നേരത്തെ 680 രൂപ മതിയായിരുന്നെങ്കിൽ ഇന് 940 രൂപ കൊടുക്കണം. 2016ൽ അധികാരമേറ്റ ഇടത് സർക്കാർ അഞ്ച് വർഷം വരെ സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്നായിരുന്നു പ്രഖ്യാപിച്ചത്. അതിന് ശേഷവും വിലയിൽ തൊടാത്തത് ക്രെഡിറ്റായി മുഖ്യമന്ത്രി അടക്കം എടുത്തുപറഞ്ഞിരുന്നു. വിപണിയിൽ ഇടപെട്ടതിന് സപ്ളൈകോക്കുള്ള വൻകുടിശ്ശിക നികത്താൻ സർക്കാറിന് പണമില്ലാത്തതിനാലാണ് ജനത്തിന്റെ വയറ്റത്തടിച്ചുള്ള വിലകൂട്ടലിന് സർക്കാർ അനുമതി നൽകിയത്.
© Copyright 2023. All Rights Reserved