സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ സുപ്രധാന കേസുകളിൽ ശ്രദ്ധ പുലർത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. പ്രധാന അന്വേഷണ ഏജൻസികളുടെ പ്രവർത്തനം വളരെ സങ്കുചിതമാകുന്നുവെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
-------------------aud--------------------------------fcf308
സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അവരുടെ അന്വേഷണത്തിലും അധികാരം ഉപയോഗിക്കുന്നതിലും ഉൾപ്പടെ സന്തുലിതാവസ്ഥ പാലിക്കണം. ശരിയായ നടപടിക്രമമാണ് ഈ സന്തുലിതാവസ്ഥയുടെ കാതൽ. അഴിമതിവിരുദ്ധ അന്വേഷണ ഏജൻസി എന്നതിനപ്പുറം വിവിധ തരത്തിലുള്ള ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ സിബിഐയോട് കൂടുതൽ ആവശ്യപ്പെടുന്നത് അവർക്ക് വലിയ ഉത്തരവാദിത്വം ഉണ്ടാക്കുകയാണെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സിബിഐ സ്ഥാപകദിനത്തിൽ ഡൽഹി ഭാരത് മണ്ഡപത്തിൽ 20-ാമത് ഡി പി കോഹ് ലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ. മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കാവൂ. വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്ന യാതൊരു നടപടിയും അന്വേഷണ ഏജൻസികൾ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരിശോധന നടത്താനും പിടിച്ചെടുക്കാനുമുള്ള അധികാരവും വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടായിരിക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി എന്നിവയെ അന്വേഷണ ഏജൻസികൾ ഫലപ്രദമായി ഉപയോഗിക്കണം. സാങ്കേതികവിദ്യ കുറ്റകൃത്യങ്ങളുടെ മേഖലയെ മാറ്റിമറിച്ചു. ഇത് അന്വേഷണ ഏജൻസികൾക്കു മുന്നിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അവയെ നേരിടാനുള്ള ശേഷി വികസിപ്പിക്കണം. സമൻസുകൾ ഓൺലൈനായി അയച്ചുതുടങ്ങണമെന്നും സാക്ഷി പറയലിലും വെർച്വൽ രീതി അവലംബിക്കാമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
© Copyright 2024. All Rights Reserved