കെഎസ്ആർടിസി ബസുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. പുല്ലുപാറയിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയുള്ള അപകടവും നാലു മരണവുമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇന്നലെ ബജറ്റ് ടൂറിസം പദ്ധതിയിൽ ലാഭം കൊയ്യാൻ ഗവി ബസ് മുടക്കി കെഎസ്ആർടിസി യാത്രക്കാരെ പെരുവഴിയിലാക്കിയതിനു പിന്നാലെയാണ് ഇന്നത്തെ അപകട വാർത്തയുമായി നേരം വെളുക്കുന്നത്. എന്നാൽ കെഎസ്ആർടിസിക്ക് ഇനിയും നേരം വെളുത്തിട്ടില്ല.
-------------------aud--------------------------------
36 സീറ്റ് മാത്രമുള്ള ബസിൽ 96 പേരെ കുത്തിനിറച്ചാണ് കെഎസ്ആർടിസി ഇന്നലെ ഗവി യാത്ര നടത്തിയത്. സീറ്റ് ലഭിക്കാത്ത 60 പേരിൽ ചിലർ നിൽക്കുകയോ ബസിനുള്ളിൽ ഇരിക്കുകയോ ആയിരുന്നു. 11 മണിയോടെ ഗവിക്കു സമീപം എത്തിയപ്പോഴേക്കും ബസിന്റെ സ്പ്രിങ് ജാക്കറ്റ് ഒടിഞ്ഞു വഴിയിൽ കിടന്നു. യാത്രക്കാർ വനത്തിൽ ഒറ്റപ്പെട്ടു. ജീവനക്കാർ റേഞ്ച് ഉള്ള ഭാഗത്ത് എത്തി പത്തനംതിട്ട, കുമളി കെഎസ്ആർടിസി ഡിപ്പോകളിൽ വിവരം അറിയിച്ചു. ശബരിമല തീർഥാടക തിരക്കായതിനാൽ കുമളിയിൽനിന്നു പകരം കൊടുക്കാൻ ബസും ഗവി വരെ അയയ്ക്കാൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാരും ഇല്ലായിരുന്നു. തുടർന്ന് പത്തനംതിട്ടയിൽനിന്ന് ബസും മെക്കാനിക്കൽ ജീവനക്കാരും ഉച്ചയ്ക്കുശേഷം ഗവിയിലേക്കു പോയി കേടായ ബസ് നന്നാക്കുകയായിരുന്നു.
പത്തനംതിട്ട ഡിപ്പോയിൽനിന്നു രണ്ടു ബസാണ് ഗവി വഴി കുമളിക്കുള്ളത്. രാവിലെ 5.30നും 6.20നും. രണ്ടു ബസും തിങ്ങി നിറഞ്ഞു യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. സന്ദർശകരുടെ തിരക്കേറിയതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയിൽ ഗവിയിലേക്ക് സർവീസ് തുടങ്ങി. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽനിന്നും ബജറ്റ് ടൂറിസത്തിൽപെടുത്തി ഗവിയിലേക്ക് ഉല്ലാസയാത്ര ഉണ്ട്. ഇതെല്ലാം പത്തനംതിട്ട എത്തിയാണു ഗവിക്കു പോകുന്നത്.
ഇനി മുതൽ ഞായറും അവധി ദിവസവും ഒരു സർവീസ് ബസ് മാത്രം ഓടിച്ചാൽ മതിയെന്നാണു പത്തനംതിട്ട ഡിപ്പോയ്ക്ക് ചീഫ് ട്രാഫിക് മാനേജരുടെ നിർദേശം. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ 5.30ന്റെ ബസ് റദ്ദാക്കിയത്. രാവിലെ 5.30ന് ഉള്ള ബസിൽ പോകാൻ മലബാർ മേഖലയിൽനിന്നടക്കമെത്തിയവർ പുലർച്ചെ അഞ്ചു മണിയായപ്പോഴേക്കും സ്റ്റാൻഡിലെത്തി. അവരെയെല്ലാം നിരാശരാക്കിയാണു ബസ് റദ്ദാക്കിയത്. 6.20ന്റെ ബസ്, സ്റ്റാൻഡ് പിടിക്കുന്നതിനു മുൻപ് യാത്രക്കാർ ഇടിച്ചു കയറി. രണ്ടു ബസിൽ ഒന്ന് മുടങ്ങിയതിനാൽ വലിയ തിരക്കു കാരണം യാത്രക്കാരിൽ നല്ലൊരു ഭാഗവും ബജറ്റ് ടൂറിസം വണ്ടിയിൽ കയറി പോകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.
സാധാരണ ബസിൽ 150 രൂപയാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ്. ഗവി വരെ പോയിവരാൻ ടിക്കറ്റ് നിരക്കായി 340 രൂപ മുടക്കിയാൽ മതി. അതേ സ്ഥാനത്ത് ബജറ്റ് ടൂറിസത്തിൽ 1400 രൂപ കൊടുക്കണം. ബജറ്റ് ടൂറിസത്തിൽ ഗവിയിലേക്ക് പോകുന്ന ബസുകളിൽ എല്ലാ ദിവസവും നാലും അഞ്ചും സീറ്റുകൾ ഒഴിവുണ്ട്. സാധാരണ ബസ് ഇല്ലാതെ വരുമ്പോൾ സന്ദർശകരെ ഈ ബസിൽ കയറാൻ അനുവദിക്കുന്നുണ്ട്.
© Copyright 2024. All Rights Reserved