റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ അടക്കം കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസിൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കർശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
-------------------aud--------------------------------
സ്വകാര്യ ബസ് ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ ബസിന്റെ പെർമിറ്റ് ആറ് മാസത്തേയ്ക്ക് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടത്തിൽ ഗുരുതര പരിക്കുണ്ടായാൽ പെർമിറ്റ് മൂന്ന് മാസത്തേയ്ക്കും സസ്‌പെൻഡ് ചെയ്യും. ബസ് ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കിടയിൽ മത്സരയോട്ടം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഗതാഗതമന്ത്രി വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ നിയമിക്കുന്ന നടപടികൾ കർശനമാക്കാനാണ് തീരുമാനം. ഇനി മുതൽ പൊലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാൻ പാടുള്ളൂ എന്ന് മന്ത്രി നിർദേശിച്ചു. മയക്കുമരുന്ന് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ലെന്ന് പൊലീസ് ക്ലിയറൻസ് ലഭിക്കണം. ഇതിന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാവൂ എന്നും മന്ത്രി ബസ് ഉടമകൾക്ക് നിർദേശം നൽകി.
© Copyright 2024. All Rights Reserved