മലയാളം ടെലിവിഷനിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ ആറാം സീസൺ ഉടൻ വരുന്നു. സീസണിൻറെ ആദ്യ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഷോയുടെ അവതാരകനായ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന രസകരമായ പ്രൊമോ വീഡിയോയിൽ ഈ സീസൺ കൂടുതൽ അപ്രതീക്ഷിതത്വങ്ങൾ കാത്തുവച്ചിരിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഉടൻ വരും എന്നതല്ലാതെ പ്രൊമോയിൽ സീസണിൻറെ ലോഞ്ചിംഗ് ഡേറ്റ് അറിയിച്ചിട്ടില്ല.
സാബുമോൻ അബ്ദുസമദ് വിജയിയായ ഒന്നാം സീസണിൽ നിന്ന് അഖിൽ മാരാർ വിജയിയായ അഞ്ചാം സീസണിലേക്ക് എത്തുമ്പോൾ ഷോയുടെ ജനപ്രീതി വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. മോഹൻലാൽ ആയിരുന്നു അഞ്ച് സീസണുകളിലെയും അവതാരകൻ. പതിവുപോലെ ഉദ്ഘാടന വേദിയിൽ മാത്രമാവും സീസൺ 6 ലെ മത്സരാർഥികൾ ആരൊക്കെയെന്ന ഔദ്യോഗിക പ്രഖ്യാപനം വരിക. എന്നാൽ മത്സരാർഥികൾ ആരൊക്കെ ആയിരിക്കുമെന്നത് സംബന്ധിച്ച പ്രവചനം സോഷ്യൽ മീഡിയയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
© Copyright 2025. All Rights Reserved