രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഖസ്‍ർ അൽ വത്വൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നൽകി. തുടർന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചർച്ചകൾ നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാൻ തൻറെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതിൽ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിൻറെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വർധിച്ചെന്നും മോദി പറഞ്ഞു. പ്രവാസി സമൂഹം മോദിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. അബുദാബി സായിദ് സ്പോർസ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി. വിശ്വാമിത്ര (ലോകത്തിൻറെ സുഹൃത്ത്) എന്ന പ്രമേയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകൾ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നിൽ എഴുന്നൂറിലേറെ കലാകാരന്മാർ പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. അതേസമയം യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‍ലൻ മോദിയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം 80,000 ത്തിൽ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് സജീവ് പുരുഷോത്തമനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നാളെ അബുദാബി ഹിന്ദു ക്ഷേത്രം സമർപ്പണ ചങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.
© Copyright 2025. All Rights Reserved