ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവൻ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവർക്ക് വിലക്കിട്ട് ബ്രിട്ടൻ. ഇത്തരത്തിൽ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാർഥികളായി എത്തുന്നവർ എത്രകാലം ബ്രിട്ടനിലെ അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞാലും അവർക്ക് പൗരത്വം നൽകേണ്ടതില്ലെന്ന നിർദേശം പുതിയ ഗൈഡ് ലൈനിൽ ഉൾപ്പെടുത്തുകയാണ് ബ്രിട്ടിഷ് സർക്കാർ. ഇതോടെ ബ്രിട്ടിഷ് പൗരത്വം മോഹിച്ച് ജീവൻ പണയം വച്ച് ഇംഗ്ലിഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
-------------------aud--------------------------------
അനധികൃതമായി എത്തുന്നവർ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ അവരുടെ കാലാവധി എത്രയായാലും കടന്നുവന്ന വഴി അനധികൃത ബോട്ടിലോ ട്രക്കിലോ ആണെങ്കിൽ അപേക്ഷ നിരസിക്കുമെന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്. നിലവിൽ അഭയാർഥി സ്‌റ്റാറ്റസിനായി അപേക്ഷ നൽകി ക്യാംപുകളിൽ കഴിയുന്നവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. പുതിയ ഈ നിർദേശത്തിനെതിരേ ബ്രിട്ടിഷ് റഫ്യൂജി കൗൺസിലും ചില ലേബർ എംപിമാരും രംഗത്ത് എത്തിയിട്ടുണ്ട്. അഭയാർഥികളെ എന്നും രണ്ടാംതരം പൗരന്മാരായി കാണുന്നതിന്റെ മികച്ച ഉദാഹരണമാണിത് എന്നാണ് ഇവരുടെ വാദം. ഏതുവിധേനെയും ബ്രിട്ടനിലെത്തി അഭയാർഥി ക്യാംപിലോ ഷെൽട്ടർഹോമിലോ പത്തുവർഷം പൂർത്തിയാക്കിയാൽ പൗരത്വത്തിന് പരിഗണിക്കുന്നതാണ് നിലവിലുള്ള രീതി. ഇത് മനസിലാക്കിയാണ് ദിവസേന ജീവൻ പണയം വച്ച് നൂറുകണക്ക് ആളുകൾ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിൽ എത്തുന്നത്. ഇത്തരത്തിൽ കടൽകടന്ന് എത്തുന്നവരെ നേരേ റുവാണ്ടയിലേക്ക് നാടുകടത്താനായിരുന്നു ടോറി സർക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ നിയമവും പാസാക്കി ഇരിക്കെയാണ് തിരഞ്ഞെടുപ്പിൽ സർക്കാർ മാറിയത്. ടോറി സർക്കാരിന്റെ റുവാണ്ട പദ്ധതി റദ്ദാക്കാനുള്ള ബില്ല് കോമൺസ് ക്ലിയർ ചെയ്തുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്ന പുതിയ നിർദേശവുമായി ഹോം ഓഫിസ് രംഗത്ത് എത്തിയിരിക്കുന്നത്.
© Copyright 2025. All Rights Reserved