ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ആം ആദ്മി പാർട്ടി (എഎപി) മേധാവിയുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തി, ഇന്ന് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇഡിയുടെ പ്രതികരണം. മുൻ സമൻസുകൾക്ക് കെജ്‌രിവാൾ നൽകിയ മറുപടി പരിശോധിച്ച് വരികയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാധ്യമങ്ങളോട് പറഞ്ഞു.
-------------------aud--------------------------------
ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയ ശേഷം വ്യാഴാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന ലഭിച്ചതായി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെയുള്ള എഎപി നേതാക്കൾ ആരോപിച്ചു. ഇഡി നടപടി പ്രതീക്ഷിച്ച് നിരവധി എഎപി പ്രവർത്തകരും ഇന്ന് രാവിലെ കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.
എന്നാൽ, എഎപി നേതാക്കളുടെ അവകാശവാദം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളി. കെജ്‌രിവാളിന്റെ വസതിയിൽ റെയ്ഡ് നടത്താൻ ഇന്ന് പദ്ധതിയില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.ബുധനാഴ്ച ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണത്തെ സമൻസുകളെ പോലെ മൂന്നാമത്തെ സമൻസും കെജ്‌രിവാൾ ഒഴിവാക്കി.
സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച കെജ്‌രിവാൾ ബുധനാഴ്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അഞ്ച് പേജുള്ള മറുപടി അയച്ചു. ഏജൻസിയുടേത് വെളിപ്പെടുത്താത്തതും പ്രതികരിക്കാത്തതുമായ സമീപനമാണ്. നിയമം, തുല്യത നീതി എന്നിവ പരിശോധിക്കാൻ ഇഡി യ്ക്ക് കഴിയണം. ഈ ശാഠ്യം ജഡ്ജി, ജൂറി, ആരാച്ചാർ എന്നിവരുടെ പങ്ക് ഏറ്റെടുക്കുന്നതിന് തുല്യമാണെന്നും കെജ്‌രിവാൾ മറുപടിയിൽ പറഞ്ഞു.
അതേസമയം ജനുവരി ആറിനും എട്ടിനും ഇടയിൽ കെജ്‌രിവാൾ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം നടത്തുമെന്ന് എഎപി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി സംസ്ഥാനത്ത് പൊതുറാലികൾ നടത്തും. കൂടാതെ കെജ്‌രിവാൾ എം.എൽ.എ ചൈതർ ബസവയെ ജയിലിൽ ചെന്ന് കാണുകയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദർശിക്കുകയും ചെയ്യും.
© Copyright 2024. All Rights Reserved