അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശർമ എന്ന ആരോപണം ഇന്ന് രാഹുൽ ആവർത്തിച്ചു.
അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലാണ്. അമിത് ഷാക്കെതിരെ എന്തെങ്കിലും പറയാൻ അസം മുഖ്യമന്ത്രിക്ക് ധൈര്യപ്പെട്ടാൽ ഹിമന്ത ബിശ്വ ശർമയെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താൻ സാധിക്കുമെന്നാണ് ഹിമന്തയുടെ മനസ്സിലിരുപ്പ് എവിടെ നിന്ന് വന്നതെന്ന് എനിക്കറിയില്ല. എത്ര കേസുകൾ എടുത്താലും എനിക്ക് ഭയമില്ല. നിലവിൽ 25 കേസുകൾ എടുത്തിട്ടുണ്ട്. 25 കേസുകൾ കൂടി എടുത്തോളൂ-രാഹുൽ വ്യക്തമാക്കി.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് അസമിലെ ബാർപേട്ടയിൽ രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. വൻ വരവേൽപ്പാണ് യാത്രക്ക് ലഭിക്കുന്നത്. നാളെ രാഹുലും സംഘവും അസമിലെ പര്യടനം പൂർത്തിയാക്കും. അസമിലെ 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 833 കിലോമീറ്ററാണ് സഞ്ചരിക്കുക. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് പശ്ചിമ ബംഗാളിലേക്ക് കടക്കും. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.
© Copyright 2025. All Rights Reserved