മണിപ്പുർ സംഘർഷത്തിന് രാഷ്‌ട്രീയ പരിഹാരം കാണാതെ ‘സമാധാനം അടിച്ചേൽപ്പി’ക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീരുമാനം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കുന്നു. രാഷ്‌ട്രപതി ഭരണത്തിന്റെ മറവിൽ ശനിയാഴ്‌ച മുതൽ എല്ലാ പാതകളും സുരക്ഷാസേനയെ ഉപയോഗിച്ച് തുറപ്പിക്കാനുള്ള ശ്രമം പാളി.
-----------------------------
ബലംപ്രയോഗിച്ച് ഇംഫാലിൽ നിന്ന് സർക്കാർ ബസുകൾ എത്തിച്ചതിനെ കുക്കികൾ എതിർത്തു. ഒരു ബസ് കത്തിച്ചു. പ്രക്ഷോഭകർക്ക് നേരെ കാങ്‌പോപി ജില്ലയിൽ സുരക്ഷാസേന നടത്തിയ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മുപ്പതോളം സുരക്ഷസേനാംഗങ്ങളടക്കം ഏഴുപതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. കണ്ണീർവാതക ഷെല്ലിങ്ങിലാണ് സ്‌ത്രീകൾക്കടക്കം പരിക്ക്.
പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞുകയറിയ അക്രമികൾ വെടിയുതിർത്തെന്നാണ് പൊലീസ് ഭാഷ്യം. കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ വ്യാപക സംഘർഷങ്ങൾ അരങ്ങേറിയതിന്റെ ദൃശ്യങ്ങളും ഞായറാഴ്‌ച പുറത്തുവന്നു. സേനാപതി എസ്‌പിയെ ജനക്കൂട്ടം വളഞ്ഞുവച്ചു.
കേന്ദ്രസർക്കാർ അടിച്ചമർത്തലും പ്രകോപനവും നടത്തുകയാണെന്നാരോപിച്ച് കുക്കി ഭൂരിപക്ഷ ജില്ലകൾ ഞായറാഴ്‌ച പൂർണമായും അടച്ചിട്ടു. ഇതിനൊപ്പം പ്രദേശങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി മണിപ്പുരിലെ കുക്കി-–-സോ കൗൺസിൽ പ്രഖ്യാപിച്ചു. തദ്ദേശീയ ഗോത്രനേതാക്കളുടെ ഫോറവും (ഐടിഎൽഎഫ്) ഇതിന് പിന്തുണ പ്രഖ്യാപിച്ചു.
© Copyright 2025. All Rights Reserved