കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ന വ്യാജേന മുൻ എംഎൽഎയെ ഫോണിൽ വിളിച്ച് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. രവീന്ദ്ര മൗര്യ എന്നയാളെയാണ് യുപിയിലെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി ഷാഹിദ് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ബിജെപി മുൻ എംഎൽഎ കിഷൻലാൽ രജ്പുത്താണ് ഇവരുടെ കെണിയിൽപ്പെട്ടത്. പണം നൽകിയാൽ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇവർ മുൻ എംഎൽഎയെ വിളിച്ചത്. സീറ്റു നൽകാമെന്ന് മോഹിപ്പിച്ച് ജനുവരി നാലു മുതൽ 29 വരെ ഒമ്പതു തവണയാണ് സംഘം കിഷൻലാലിനെ വിളിച്ചത്.
രാഷ്ട്രീയ നേതാക്കളെയും പാർട്ടി പ്രവർത്തകരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ആണെന്ന് ധരിപ്പിച്ച്, തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടുകയാണ് ഇവർ ചെയ്തിരുന്നത്. ട്രൂ കോളറിൽ ദേവനാഗരി ലിപിയിൽ ഗൃഹമന്ത്രാലയ, ഡൽഹി, കേന്ദ്രസർക്കാർ എന്നാണ് കാണാനാകുക.
രവീന്ദ്രമൗര്യയും ഷാഹിദും ചേർന്നാണ് ഇതു ചെയ്തിരുന്നതെന്ന് ബറേലി പൊലീസ് സൂപ്രണ്ട് മികേഷ് മിശ്ര പറഞ്ഞു. ഷാഹിദ് മുമ്പും ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി എസ്പി സൂചിപ്പിച്ചു. നവാബ്ഗഞ്ച് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിനോദ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
തുടർന്ന് അന്വേഷണത്തിനിടെ രവീന്ദ്ര മൗര്യയെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയതോടെ ഇയാൾ സിം കാർഡ് ഒടിച്ചു കളഞ്ഞു. സിം ഗ്രാമത്തിലുള്ള ഹരീഷ് എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. അലാളെ ചോദ്യം ചെയ്തപ്പോൽ 2023 ഡിസംബർ 29 നാണ് സിം വാങ്ങിയതെന്ന് മൊഴി നൽകി.
ഏതാനും നാളുകൾക്ക് ശേഷം രവീന്ദ്രമൗര്യയും ഷാഹിദും ഗ്രാമത്തിലെത്തുകയും, തന്നെ ഭീഷണിപ്പെടുത്തി സിം തട്ടിയെടുക്കുകയായിരുന്നുവെന്നും ഹരീഷ് പൊലീസിനോട് പറഞ്ഞു. രവീന്ദ്രമൗര്യയ്ക്കും ഷാഹിദിനുമെതിരെ കവർച്ച, വഞ്ചന, ആൾമാറാട്ടം, ഐടി ആക്ടിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ പ്രകാരം കേസെടുത്തിട്ടുണ്ട്.
© Copyright 2023. All Rights Reserved