അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികൾക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിർത്തതോടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ പള്ളിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ, വെടിയുതിർത്ത യുവതിയെ വെടിവെച്ച് കൊന്നു. തൻറെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് യുവതി പറഞ്ഞുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിർത്തതെന്ന് വ്യക്തമല്ല. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. 45000ത്തോളം പേർ ദിവസേന പ്രാർത്ഥനക്കെത്തുന്ന മെഗാ ചർച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്.
ന്യൂസ് ഡസ്ക് മാഗ്ന വിഷൻ
© Copyright 2025. All Rights Reserved