അമേരിക്കയിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്ട്. ഇന്ത്യ , ഇറാൻ , നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തടവിൽ കഴിയുന്നത്. ഹോട്ടലിന്റെ ജനാലയ്ക്കരികിൽ വന്ന് സഹായം അഭ്യർത്ഥിക്കുന്ന ഇവരുടെ ദ്യശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്താ ഏജൻസികളും പുറത്തുവിട്ടു.
-------------------aud--------------------------------
പാനമയും അമേരിക്കയും തമ്മിലുള്ള കരാർ പ്രകാരം ഈ ഹോട്ടലിലുള്ളവർക്ക് ഭക്ഷണവും മെഡിക്കൽ സേവനങ്ങളും നൽകുന്നുണ്ട്. മുറികൾക്ക് പൊലീസ് കാവലുണ്ട്. അമേരിക്ക നാടുകടത്തിയതിനെത്തുടർന്ന് പാനമയിലെത്തിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കുന്നതുവരെ ഇവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ലയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോട്ടലിലെ 40 ശതമാനത്തിലേറെപ്പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും റിപ്പോർട്ടുണ്ട്. ഇക്കൂട്ടത്തിൽപ്പെട്ട ചിലരാണ് ഹോട്ടൽ ജനലിന് സമീപത്തെത്തി സഹായം അഭ്യർത്ഥിച്ചത്. എന്നാൽ ഇന്നലെ ചൈനയിൽനിന്നുള്ള ഒരു സ്ത്രീ പ്രദേശത്തെ ചില ആളുകളുടെ സഹായത്തോടെ ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടെന്ന് പാനമയുടെ ദേശീയ ഇമിഗ്രേഷൻ സർവീസ് റിപ്പോർട്ട് ചെയ്തു. സ്ത്രീയെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved