വിമാനം കണ്ടുപിടിച്ചത് ഇന്ത്യയിലാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? ലോകത്തിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയതും, ക്ലോണിംഗിലൂടെ പുതുജീവൻ സൃഷ്ടിച്ചതും ഇന്ത്യയിൽ. ഇവ കൂടാതെ പശുവിന്റെ കൊമ്പിൽ നിന്ന് റേഡിയോ തരംഗങ്ങളുണ്ടാകും. പാത്രം തമ്മിൽ കൊട്ടിയാൽ കൊറോണ ഇല്ലാതാകും. മേൽപ്പറഞ്ഞവയെല്ലാം സംഘപരിവാർ വിവിധ നേതാക്കളുടെ കണ്ടെത്തൽ ആയിരുന്നു. ഇവയ്‌ക്കൊപ്പം അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലൻ ആണെന്നുള്ള പുതിയ കണ്ടെത്തലും ഇത്തരത്തിലൊരു സംഘപരിവാർ നേതാവിന്റേതാണ്. മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ ആണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലുള്ളത്.
-----------------------------
ചരിത്ര ബോധത്തെ വെല്ലുവിളിക്കുന്ന പ്രസ്താവന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയത് ബർകത്തുള്ള യൂണിവേഴ്സിറ്റിയിലെ കോൺവൊക്കേഷൻ ചടങ്ങിലായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുടെ വിദ്യാഭ്യാസ നയങ്ങൾ നശിപ്പിച്ചെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. കൊളോണിയൽ കാലത്ത് ചരിത്രം വളച്ചൊടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാവികനായ വസുലൻ എട്ടാം നൂറ്റാണ്ടിൽ അമേരിക്കയിൽ എത്തുകയും സാൻ ഡീഗോയിൽ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിച്ചു. ആ വസ്തുതകളെല്ലാം അവിടുത്തെ ലൈബ്രറിയിലും മ്യൂസിയത്തിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല നമ്മുടെ പൂർവ്വികർ ആണെന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയത് പോർച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയല്ലെന്നും ഗുജറാത്തിലെ വ്യാപാരി ചന്ദൻ ആണെന്നും പാർമർ പറഞ്ഞു. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പ്രവചിച്ചത് ഋഗ്വേദമാണെന്നും മന്ത്രി വേദിയിൽ അഭിപ്രായപ്പെട്ടു.
© Copyright 2024. All Rights Reserved