അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അർജുനമൂർത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അർജുനമൂർത്തി പങ്കുവച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ.
ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അർജുനമൂർത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.
ആയോധ്യയിലേക്ക് നിരവധി സിനിമാ തരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് വിവരം. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, പ്രമുഖ സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി, നിർമ്മാതാവ് മഹാവീർ ജെയിൻ, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവർക്കും ക്ഷണമുണ്ട്. അതേസമയം, വേട്ടയ്യൻ എന്ന ചിത്രമാണ് രജനികാന്തിൻറേതായി അണിയറയിൽ ഒരുങ്ങുന്നത്. ടി ജെ ജ്ഞാനവേലാണ് സംവിധാനം. മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
മുൻപ് പരസ്യ ചിത്രങ്ങളിൽ മഞ്ജു അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നു. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യൻറെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിന് തുടക്കമിട്ടത്. ജയിലർ ആണ് രജനികാന്തിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിനായകൻ ആയിരുന്നു പ്രതിനായകൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രവും ഉടൻ ആരംഭിക്കും.
© Copyright 2024. All Rights Reserved