കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാനെ തേടി ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും സർഫറാസിനെ തുടർച്ചയായി സെലക്ടർമാർ അവഗണിക്കുന്നത് ആരാധകരെ പോലും അസ്വസ്ഥരാക്കിയിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്കായി മികച്ച പ്രകടനം നടത്തിയിട്ടും വിരാട് കോലിയുടെ അഭാവത്തിൽ പോലും സർഫറാസിന് പകരം രജത് പാടീദാറിനെയാണ് സെലക്ടർമാർ ടീമിലെടുത്തത്.
എന്നാൽ രണ്ടാം ടെസ്റ്റിനു മുമ്പ് കെ എൽ രാഹുലിനും രവീന്ദ്ര ജഡേജക്കും കൂടി പരിക്കേറ്റതോടെയാണ് സെലക്ടർമാർ ഒടുവിൽ സർഫറാസിനെ ടീമിലെടുത്തത്. രണ്ടാം ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമോ എന്നുറപ്പില്ലെങ്കിലും ഇന്ത്യൻ ടീമിൻറെ വാതിൽ സർഫറാസിന് മുന്നിൽ തുറന്നതു തന്നെ വലിയ കാര്യമായാണ് ആരാധകർ വിലയിരുത്തുന്നത്. സർഫറാസിൻറെ അനുജൻ മുഷീർ ഖാൻ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സർഫറാസിനെ തേടി ഇന്ത്യൻ ടീം വിളിയെത്തിയിരിക്കുന്നത് എന്നത് സർഫറാസിൻറെ കുടുംബത്തിന് ഇരട്ടിമധുരമായി. ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ സർഫറാസ് തൻറെ സന്തോഷം മറച്ചുവെച്ചതുമില്ല. തന്നെക്കാൾ മികച്ച ബാറ്റർ മുഷീർ ആണെന്നായിരുന്നു സർഫറാസ് പറഞ്ഞത്. പലപ്പോഴും ഞാൻ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഞാനവൻറെ കളി കാണാറുണ്ട്. അവൻറെ ബാറ്റിംഗ് ടെക്നിക്ക് കണ്ടാൽ എനിക്ക് ആത്മവിശ്വാസമാകും. മോശമായി കളിക്കുമ്പോഴൊക്കെ അവൻറെ ബാറ്റിംഗ് കണ്ട് പഠിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത് എന്നായിരുന്നു സർഫറാസിൻറെ പ്രതികരണം സർഫറാസിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലെടുത്തതിന് പിന്നാലെ ഇന്ത്യൻ താരം സൂര്യകുമാർ യാദവും പ്രതികരണവുമായി എത്തിയിരുന്നു. ആഘോഷത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങുവെന്നായിരുന്നു സൂര്യകുമാർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.ഇംഗ്ലണ്ട് ലയൺസിനെതിരെ 160 പന്തിൽ 161 റൺസടിച്ചതിന് പിന്നാലെയാണ് സർഫറാസിനെ ഇന്ത്യൻ സീനിയർ ടീമിൻറെ വിളിയെത്തുന്നത്.
© Copyright 2024. All Rights Reserved