കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് അസം പോലീസ് സംസ്ഥാന സിഐഡിക്ക് കൈമാറി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ പാർട്ടി പ്രവർത്തകരും പോലീസുകാരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസാണ് സിഐഡിക്ക് കൈമാറിയത്. ചൊവ്വാഴ്ച ഗുവാഹത്തിയിൽ കോൺഗ്രസ് നടത്തിയ യാത്രയ്ക്കിടെ സംഘർഷമുണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം മുഖേന സമഗ്രവും ആഴത്തിലുള്ളതുമായ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിയതായി അസം ഡിജിപി ജിപി സിംഗ് എക്‌സിലൂടെ അറിയിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മറ്റ് പാർട്ടി പ്രവർത്തകർ തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ ഗുവാഹത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ടി പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നിന്ന് മാറി ഗുവാഹത്തി ബൈപാസ് ഉപയോഗിക്കണമെന്ന് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് യാത്രയോട് അസം മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ നടപടികളെ നക്സലൈറ്റ് തന്ത്രങ്ങൾ എന്നാണ് ഹിമന്ത ശർമ്മ വിശേഷിപ്പിച്ചത്. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 6,700 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ അവസാനിക്കും. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് യാത്ര നടത്തുന്നത്. മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്‌സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,700 കിലോമീറ്ററുകളാണ് ഭാരത് ജോഡോ ന്യായ് യാത്ര നടന്ന് നീങ്ങുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആരംഭിച്ച യാത്ര മാർച്ച് 20ന് മഹാരാഷ്ട്രയിൽ സമാപിക്കും.
© Copyright 2024. All Rights Reserved