എല്ലാവർക്കും ഇടം ലഭിക്കും വിധം സഭയിൽ തിരുത്തലുകൾ വേണമെന്ന പ്രഖ്യാപനവുമായി ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത മൂന്നാഴ്ച നീളുന്ന അസാധാരണ സിനഡിനു തുടക്കമായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പ മുഖ്യകാർമികനായി നടന്ന കുർബാനയോടെയായിരുന്ന തുടക്കം. ആശയഭിന്നതകളുണ്ടാകാമെങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ഒന്നിച്ച്, ഉറച്ചു നിൽക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു. സഭയിലെ ഭിന്നിപ്പും സംഘർഷങ്ങളും പ്രാർഥനകൊണ്ടും കാരുണ്യപ്രവർത്തികൾകൊണ്ടും നേരിട്ട വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതവും പരാമർശിച്ചു. ഇതോടെ ശക്തമായ തീരുമാനങ്ങളിലേക്കു വഴിതുറക്കുന്ന ചർച്ചകൾ യോഗത്തിലുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായി. അസാധാരണ സിനഡ്, ഡീക്കൻ പദവി അടക്കം മുഖ്യ സ്ഥാനങ്ങളിൽ വനിതകൾക്ക് ഇടം നൽകുമെന്ന വ്യാഖ്യാനമുണ്ടായി. സ്കൂൾ, ആശുപത്രിയടക്കം സഭയുടെ സേവനപ്രവർത്തനങ്ങളിൽ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന സ്ത്രീകൾ പൗരോഹിത്യത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതായി വിമർശനമുണ്ട്. പ്രാചീനസഭയിൽ വനിതകൾ ഡീക്കൻ പദവി വഹിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. "വനിതകൾക്കു പൗരോഹിത്യം നൽകുക എന്ന ബാനർ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയ്ക്കിടെ ഒരു വിഭാഗം വിശ്വാസികൾ ഉയർത്തി.
എൽജിബിടിക്യു അടക്കം വിഭാഗങ്ങൾക്കു കൂടി അർഹമായ ഇടം നൽകാനുള്ള അവസരമായി സിനഡ് മാറിയേക്കുമെന്നാണു പ്രതീക്ഷ. മുൻവിധികളോടെയല്ല സിനഡ് ചേരുന്നതെന്ന് ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കിയ ഫ്രാൻസിസ് മാർപാപ്പ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഭ' എന്നു 3 തവണ ആവർത്തിച്ചു. മാർപാപ്പ മുന്നോട്ടുവയ്ക്കുന്ന പരിഷ്കാരങ്ങൾ ദൈവികവും സഭാപരവുമെന്നതിനെക്കാൾ രാഷ്ട്രീയമാണെന്ന വിമർശനം അമേരിക്കൻ കർദിനാൾ റെയ്മണ്ട് ബുക്ക് ഉന്നയിച്ചു. എന്നാൽ, പുതിയ ലോകം ഉന്നയിക്കുന്ന ചോദ്യങ്ങളെ സഭാപിതാക്കന്മാർ ഭയപ്പെടേണ്ടെന്നു മാർപാപ്പയും പറഞ്ഞു.
© Copyright 2023. All Rights Reserved