ബ്രിട്ടനിലെ സൂപ്പർമാർക്കറ്റ് ഭീമനായ അസ്ദയുടെ ഉടമകളായ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ, സുബൈർ ഇസ്സയും മൊഹ്‌സീൻ ഇസ്സയും വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്സ സഹോദരന്മാർ തമ്മിലുള്ള പിണക്കം മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. അസ്ദയുടെ സഹ സി ഇ ഒ സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിൽക്കാൻ സുബൈർ ഇസ്സ തീരുമാനിച്ചതോടെയാണ് വേർപിരിയൽ പൂർത്തിയായത്. ഇനി, സ്ഥാപനം പൂർണ്ണമായും മൊഹ്‌സീന്റെ അധീനതയിലായിരിക്കും.
-------------------aud--------------------------------
ഇസ്സാ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഇ ജി ഗ്രൂപ്പ് അവർക്ക് യു കെയിൽ ബാക്കിയുള്ള ഫോർകോർട്ട് ബിസിനസ്സ്, സഹസ്ഥാപകനായ സുബൈർ ഇസ്സക്ക് 228 മില്യൻ പൗണ്ടിന് വിറ്റു. അതേസമയം, സുബൈർ ഇസ്സ, ഈ മേഖലയിൽ തനിക്കുള്ള ഓഹരികൾ കൈവശം വയ്ക്കുകയും, ബോർഡിൽ ഒരു നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരുകയും ചെയ്യും. ഇ ജി ഗ്രൂപ്പിലുള്ള മൊഹ്‌സീന്റെയും ടി ഡി ആർ ക്യാപിറ്റലിന്റെയും ഓഹരികൾ മാറ്റമില്ലാതെ തുടരും.
അസ്ദയുടെ ഉടമകളായ ഇ ജി ഗ്രൂപ്പിന്റെ വളർച്ചക്ക് സുബൈറിനോട് നന്ദി രേഖപ്പെടുത്തിയ ഗ്രൂപ്പ് ചെയർമാൻ ലോർഡ് സ്റ്റുവർട്ട് റോസ്, മൊഹ്‌സീന്റെ കൈകളിൽ സ്ഥാപനം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ഇരുവരും ബോർഡിൽ തുടരുമെന്നും, അന്താരാഷ്ട്ര തലത്തിൽ തന്നെ പുതിയ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ ജി ഗ്രൂപ്പ് കെട്ടിപ്പടുക്കുന്ന യാത്രയിൽ ഇതുവരെ തങ്ങൾ ഇരുവരും ഒരുമിച്ചായിരുന്നു മുന്നേറിയതെന്ന് സ്ഥാപക സി ഇ ഒ മാരായ സുബൈറും മൊഹ്‌സീനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 20 വർഷക്കാലമായി ഒരുമിച്ച് പ്രവർത്തിക്കുന്ന തങ്ങൾ ഇനിയും, ഇ ജി ഗ്രൂപ്പിന്റെ ബോർഡ് അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. യു കെയിൽ ബാക്കിയുള്ള ഫോർകോർട്ടുകൾ വിറ്റതിലൂടെ ലഭിച്ച തുക കടം വീട്ടാനായിരിക്കും ഇ ജി ഗ്രൂപ്പ് ഉപയോഗിക്കുക. ഈ വർഷം രണ്ടാം പകുതിയോടെ ഈ ഇടപാട് പൂർണ്ണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
© Copyright 2023. All Rights Reserved