അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചന നൽകി ലിയോണൽ സ്‌കലോണി. ലോകകപ്പ് ബ്രസീലിനെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്‌കലോണി. മരക്കാനയിൽ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. രണ്ടാംപാതിയിൽ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി നേടിയ ഹെഡ്ഡർ ഗോളാണ് അർജന്റീനയ്ക്ക് ജയമൊരുക്കിയത്.
36 വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച കോച്ചാണ് സ്‌കലോണി. ഖത്തർ ലിയോണൽ മെസിയും കിരീടമുയർത്തുമ്പോൾ സ്‌കലോണിയായിരുന്നു. അദ്ദേഹത്തിന് കീഴിലാണ് കോപ അമേരിക്കയും ഫൈനലിസിമയും നേടിയത്. ഇപ്പോൾ തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് സ്‌കലോണി. ''ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പരിശീലകനെന്ന നിലയിൽ താരങ്ങൾ നിറഞ്ഞ പിന്തുണ തന്നു. അർജന്റീനക്ക് മുഴുവൻ ഊർജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമാണ്. ഞാൻ എഫ് എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും.'' സ്‌കലോണി പറഞ്ഞു. എന്നാൽ ഇതൊരു വിടപറച്ചിലായി എടുക്കരുതെന്നും സ്‌കലോണി വ്യക്തമാക്കി. ''പക്ഷേ എനിക്ക് ചിന്തിക്കേണ്ടതുണ്ട്. കാരണം, കളി നിലവാരം എപ്പോഴും ഉയർന്നു തന്ന നിൽക്കണം. എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടതുണ്ട്. ഇത് വിട പറയലോ മറ്റെന്തെങ്കിലുമോ അല്ല.'' സ്‌കലോണി വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതയിൽ നിലവിൽ ഒന്നമതാണ് അർജന്റീന. ആറ് മത്സരങ്ങളിൽ അഞ്ചിലും ടീം ജയിച്ചു. 15 പോയിന്റാണ് ടീമിന്. ഉറുഗ്വെയോട് മാത്രമാണ് ടീം പരാജയപ്പെട്ടത്. ആറ് മത്സരങ്ങളിൽ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്. ബ്രസീൽ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ആറ് മത്സരങ്ങളിൽ ഏഴ് പോയിന്റ് മാത്രമാണ് ബ്രസീലിനുള്ളത്..
© Copyright 2023. All Rights Reserved