അൽശിഫ ആശുപത്രിയിൽ ഇന്ന് 20 ഫലസ്‌തീനികളെ തങ്ങൾ കൊലപ്പെടുത്തിയതായി ഇസ്രാ യേൽ അധിനിവേശ സേന. ആറുമാസത്തിനിടെ നാലാംതവണയാണ് ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ സയണിസ്റ്റ് സേന നരനായാട്ട് നടത്തുന്നത്. മരണസംഖ്യ ഇതിലേറെ വരുമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആശുപ്രതി ഇപ്പോഴും ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണ്.
ഇവിടെ നിന്ന് മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരുമടക്കം 80 പേരെ ഇസ്രായേൽ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്. ക്രൂരമായി മർദിച്ച ശേഷം അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയ ഇവരെകുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെട്ട അൽ ജസീറ റിപ്പോർട്ടർ ഇസ്മായിൽ അൽ ഗൗലിനെ ഉടൻ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (റിപ്പോർട്ടേഴ്‌സ് സാൻസ് ഫ്രണ്ടിയേഴ്സ‌് ആർ.എസ്.എഫ്) ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന അടിച്ചമർത്തലിന്റെ ഭാഗമാണ് ഇസ്‌മായിൽ അൽ ഗൗലിനെ പിടികൂടിയതെന്ന് ആർ.എസ്.എഫ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ മർദിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായും പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ന് പുലർച്ചെയോടെയാണ് അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ സേന ഇരച്ചുകയറി രോഗികളെയടക്കം കൂട്ടക്കൊല നടത്തിയത്. നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രായേൽ സേന അഴിഞ്ഞാട്ടം തുടരുന്ന ആശുപത്രിയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി ഡോക്‌ടർമാർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അധിനിവേശ സൈന്യം നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ 30,000ത്തോളം ഫലസ്‌തീനികൾ അൽശിഫ ആശുപത്രിയിലും പരിസരത്തുമായി അഭയാർഥികളായി കഴിയുന്നുണ്ട്. ഇവരും ആശുപത്രി ജീവനക്കാരും ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയുടെ സർജറി ബ്ലോക്കിലാണ് ഇസ്രായേൽ സേന അക്രമണം തുടങ്ങിയത്. പരിസരവും മുറ്റവും ബുൾഡോസറുകൾ ഉപയോഗിച്ചു കിളച്ചുമറിച്ചു. ആശുപ്രതിക്ക് സമീപം വ്യാപക വ്യോമാക്രമണം നടത്തി. കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിനുശേഷം നാലാം തവണയാണ് ഇസ്രായേൽ സൈന്യം അൽശിഫ ആശുപത്രിയിൽ വ്യാപക അക്രമം നടത്തുന്നത്. കഴിഞ്ഞ നവംബറിൽ അൽശിഫ ആശുപ്രതിക്കുകീഴിൽ ഹമാസിൻ്റെ സൈനിക ബങ്കറുകൾ ഉണ്ടെന്നുപറഞ്ഞ് നടത്തിയ ആക്രമണത്തിൽ രോഗികളെയും ആരോഗ്യ പ്രവർത്തകരെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് കൊലപ്പെടുത്തിയത്. ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം ആശുപത്രിയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. അവിടെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട ബങ്കറുകൾ പതിറ്റാണ്ടുകൾക്കുമുമ്പ് തങ്ങൾ തന്നെ നിർമിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്തെത്തിയതോടെ ഇസ്രായേൽ പ്രതിക്കൂട്ടിലായി.
© Copyright 2024. All Rights Reserved