അൽഷെയ്മേഴ്സ് എന്ന മറവിരോഗത്തിന്റെ ലക്ഷണങ്ങളെ കുറച്ചുകൊണ്ടു വരാൻ സഹായിക്കുന്ന ലെക്കാനെമാബ് എന്ന മരുന്നിന് ബ്രിട്ടൻ അനുമതി നൽകി. അധികൃതരുടെ അസാധാരണമായ ഡബിൾ ഹെഡർ വിശകലനത്തിന് ശേഷമാണ് ഈ മരുന്ന് തികച്ചും സുരക്ഷിതമാണെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി പ്രഖ്യാപിച്ചത്.
-------------------aud--------------------------------
ബ്രിട്ടനിലെ ഡോക്ടർമാർക്ക് ഈ മരുന്ന് നിർദ്ദേശിക്കാമെന്നും, കാര്യക്ഷമതയുള്ളതാണെന്നും ഏജൻസി സ്ഥിരീകരിച്ചു. അതേസമയം, ചെലവേറിയ മരുന്നായതിനാൽ സാധാരണക്കാരുടെ ചികിത്സയ്ക്കായി ഇത് ലഭ്യമായേക്കില്ല എന്ന് ഒരു എൻ എച്ച് എസ്സ് വാച്ച് ഡോഗും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത്, നാഷണൽ ഇൻസ്റ്റിട്യൂട്ട് ഫൊർ ഹെൽത്ത് ആൻഡ് കെയർ എക്സെലൻസ് (എൻ ഐ സി ഇ) തീരുമാനം വ്യക്തമാക്കുന്നത് അൽഷെയ്മേഴ്സ് രോഗത്തിന് ഫലപ്രദമായ ആദ്യത്തെ മരുന്ന് സ്വകാര്യ ചികിത്സയ്ക്ക് മാത്രമെ ലഭ്യമാകു എന്നാണ്. അമേരിക്കയിൽ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പ്രതിവർഷം 20,000 പൗണ്ട് ചെലവ് വരുന്നുണ്ട്. ചെറിയ രീതിയിൽ അൽഷെയ്മേഴ്സ് ഉള്ള രോഗികളിൽ ഓർമ്മയും മാനസിക ചടുലതയും കുറയുന്നതിന്റെ വേഗത 27 ശതമാനം വരെ കുറയ്ക്കാൻ ലെക്കാനെമാബിന് കഴിയും എന്നാണ് ഒരു പ്രധാന ക്ലിനിക്കൽ ട്രയലിൽ തെളിഞ്ഞത്.
എന്നാൽ, ചില രോഗികളിൽ ഇത് മസ്തിഷ്‌കത്തിൽ രക്തസ്രാവമുണ്ടാകുന്നതിനും, വീക്കം ഉണ്ടാകുന്നതിനും ഇടയാക്കിയേക്കും. രോഗം ഗുരുതരമാകുന്നത് വൈകിക്കുവാൻ മരുന്നിന് കഴിയും എന്നതിന്റെ തെളിവുകൾ പരിശോധിച്ച എൻ ഐ സി ഇ, പക്ഷെ രണ്ടാഴ്ച കൂടുമ്പോൾ ഉള്ള ഇൻഫ്യൂഷൻ, പാർശ്വഫലങ്ങൾ നീരീക്ഷിക്കൽ തുടങ്ങിയ ചികിത്സാ ചെലവുകൾ, മരുന്ന് നൽകുന്ന, താരതമ്യേന ചെറിയ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ, പൊതു ഖജനാവിൽ നിന്നും പണം ചെലവഴിക്കാൻ മാത്രം മൂല്യമില്ല എന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
ഇത് ആധുനിക വൈദ്യ ശാസ്ത്രത്തിലെ വളർച്ചയുടെ ഒരു പുതിയ ഘട്ടമാണെന്നും, മരുന്ന് നൽകുന്ന ഫലത്തിന്റെ കാര്യത്തിൽ ഇനിയും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും എൻ ഐ സി ഇയിലെ ഡോക്ടർ സമന്ത റോബർട്ട്‌സ് പറഞ്ഞു. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന ഫലം, അതിനുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോൾ, ചെലവാക്കുന്ന പണത്തിനുള്ള മൂല്യം ലഭിക്കുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി അതുകൊണ്ടു തന്നെ എൻ എച്ച് എസ്സിൽ ഈ ചികിത്സ ലഭ്യമാക്കുന്നതിനെ നീതീകരിക്കാൻ ആകില്ല.
അതുകൊണ്ടു തന്നെ മരുന്ന് സ്വകാര്യ ആശുപത്രികളിൽ മാത്രമായി ഒതുങ്ങി നിൽക്കും. അതുപോലെ എം എച്ച് ആർ എയുടെ തീരുമാനം നോർത്തേൺ അയർലൻഡിൽ ബാധകമല്ലാത്തതിനാൽ ഈ മരുന്ന് അവിടെയും ലഭ്യമാകില്ല.
© Copyright 2023. All Rights Reserved