ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖുദ്‌സിനു നേരെയും ഇസ്രയേൽ ആക്രമണം. 21 പേർ കൊല്ലപ്പെട്ടു. ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയ്‌ക്കുനേരെ നിരന്തര ആക്രമണം തുടരുകയാണ്. തിങ്കളാഴ്‌ച ഓക്‌സിജൻ സംഭരണ കേന്ദ്രത്തിനുനേരെയും ഷെല്ലാക്രമണം നടന്നു. ആറ് നവജാത ശിശുക്കളടക്കം 32 രോഗികൾ മൂന്നു ദിവസത്തിനിടെ ഇവിടെ മരിച്ചു.
ആക്രമണംമൂലം നൂറോളം മൃതദേഹം സംസ്‌കരിക്കാൻ ആശുപത്രി ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി മുറ്റത്ത് ജീർണിച്ച നിലയിലാണ് മൃതദേഹങ്ങൾ. അതിനിടെ, അൽ ഷിഫയിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്‌തതായി റിപ്പോർട്ടുണ്ട്. മൂന്നു ദിവസമായി അൽ ഷിഫയിൽ വെള്ളമില്ല. ആശുപത്രി പൂർണനിലയിൽ പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആശുപത്രി പ്രവർത്തിക്കാൻ 300 ലിറ്റർ ഇന്ധനം ഇസ്രയേൽ സൈന്യം വാഗ്ദാനം ചെയ്‌തതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ഇത് ഒരു മണിക്കൂറേക്കുപോലും തികയില്ല. പ്രതിദിനം 8000 ലിറ്റർ ഇന്ധനം ആവശ്യമാണ്.
ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അൽ-ഷിഫ ആശുപത്രിയിൽ വൈദ്യുതിയും മരുന്നുകളും ലഭിക്കാതായതിനെത്തുടർന്ന് ഇതുവരെ 12 രോഗികൾ മരിച്ചു. ഇതിൽ മാസം തികയാതെ ജനിച്ച രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. അൽ-റാന്റിസിയിലും തുർക്കി ആശുപത്രികളിലും ചികിത്സയിലായിരുന്ന 3000 അർബുദ രോഗികളുടെ ജീവൻ അപകടത്തിലാണ്. ഗാസയിലെ 35 ആശുപത്രിയിൽ 23 എണ്ണത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തി. പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർ, രോഗികൾ എന്നിവരെ ഇസ്രയേൽ സൈന്യം അകത്തേക്കും പുറത്തേക്കും വിടുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.
അൽ-റിമാൽ, താൽ അൽ-ഹവ, അൽ-തുഫ, ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഷെയ്ഖ് അജ്‌ലിൻ പരിസരങ്ങൾ, ബീച്ച് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ബോംബാക്രമണമുണ്ടായി. സൈനിക ടാങ്കുകൾ നിലയുറപ്പിച്ചതിനാൽ അവിടേയ്‌ക്ക് ആംബുലൻസുകൾക്ക് എത്താനാകുന്നില്ല. നുസെറത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌കൂളിനു നേരെയും ആക്രമണം ഉണ്ടായി. ഗാസയിൽ ഇതുവരെ 11,360ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ, ആശയവിനിമയ സംവിധാനം തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. അതേസമയം ഹമാസ് ഭീകരർക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകൾ ഹമാസിന്റെ താവളങ്ങൾ കയ്യടക്കിയെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി. അവർക്ക് ഈ സർക്കാരിൽ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലിൽ പ്രധാന മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ ഗാലന്റ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
© Copyright 2024. All Rights Reserved