ഗൂഗിളിൽ തിരയുമ്പോൾ തന്നെക്കുറിച്ചുള്ള മോശപ്പെട്ട റിപ്പോർട്ടുകൾ മാത്രം സെലക്ട് ചെയ്ത് ആദ്യം കാണിക്കുന്നുവെന്ന് എന്നാരോപിച്ച് മുൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്ത്. തന്നെ കുറിച്ച് മോശം റിപ്പോർട്ടുകൾ കാണിക്കുന്ന ഗൂഗിൾ, ഡൊമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ കുറിച്ച് സെർച്ച് ചെയ്താൽ നല്ല വിവരങ്ങൾ മാത്രമാണ് നൽകുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് നൽകിയ ട്രംപ്, താൻ വീണ്ടും അമേരിക്കൻ പ്രസിഡൻറായാൽ നിയമ നടപടി ഉറപ്പാണെന്നും വ്യക്തമാക്കി.
-------------------aud--------------------------------
ഇത്തരം സെർച്ച് റിസൾട്ടുകൾ നൽകുന്നതിലൂടെ അമേരിക്കൽ തിരഞ്ഞെടുപ്പിൽ ഗൂഗിൾ ഇടപെടാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഈ നിയമവിരുദ്ധ നടപടിയുടെ പേരിൽ ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമ വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം വിവിരിച്ചു. എന്നാൽ ഗൂഗിളിനെതിരെ ഏത് വകുപ്പ് പ്രകാരം ക്രിമിനൽ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ കമല ഹാരിസിനാണ് ഗൂഗിൾ മുൻഗണന നല്കുന്നുവെന്ന് കൺസർവേറ്റിവ് ഗ്രൂപ്പായ മീഡിയ റിസർച് സെന്റർ പറഞ്ഞിരുന്നു. തങ്ങളുടെ പഠനം ഇതാണ് കാണിക്കുന്നതെന്നായിരുന്നു മീഡിയ റിസർച് സെന്റർ വിവരിച്ചത്. എന്നാൽ അങ്ങനെ ഒരു സ്ഥാനാർഥിക്കും മുൻഗണന നൽകിയിട്ടില്ലെന്നാണ് ഗൂഗിൾ പറയുന്നത്. മീഡിയ റിസർച് സെൻററിൻറെ ആരോപണം ഗൂഗിൾ തള്ളിക്കളയുകയും ചെയ്തു. ഏതെങ്കിലും വാക്കുകൾ വച്ച് നടത്തുന്ന സെർച്ചുകളുടെ റിസൽട്ട് വച്ചുള്ള പഠനം ശരിയായതല്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരൊറ്റ വാക്കു വച്ച് നടത്തിയ സെർച്ചിൻറെ അടിസ്ഥാനത്തിലാണ് മീഡിയ റിസർച് സെന്റർ ആരോപണം ഉന്നയിച്ചതെന്നും അത് ശരിയായ രീതിയല്ലെന്നും ഗൂഗിൾ മറുപടി നൽകിയിരുന്നു. അതുകൊണ്ടുതന്നെ ട്രംപിൻറെ ആരോപണവും ഗൂഗിൾ തള്ളിക്കളയാനാണ് സാധ്യത.
© Copyright 2024. All Rights Reserved