ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ഉത്തര കൊറിയയോട് കൂടുതൽ അടുക്കാൻ ഇന്ത്യയുടെ ശ്രമം. ലോകം മധ്യ, പടിഞ്ഞാറൻ ഏഷ്യയിലും പശ്ചിമേഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും യുദ്ധങ്ങൾക്കെതിരെയുള്ള നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആക്ട് ഈസ്റ്റ് നയവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
-------------------aud--------------------------------
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിനു പുറമേ കൊറിയൻ ഉപദ്വീപിലെ നയത്തിൽ ന്യൂഡൽഹി ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. ഉത്തര കൊറിയയുടെ പല പ്രവർത്തനങ്ങളും രഹസ്യമാണ്. എങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം പ്യോങ്യാങ്ങുമായുള്ള നയതന്ത്രബന്ധം നിലനിർത്താൻ ന്യൂഡൽഹി ശ്രമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2021 ജൂലൈയിൽ ഇന്ത്യ പ്യോങ്യാങ്ങിലെ എംബസി അടച്ചുപൂട്ടിയിരുന്നു. അംബാസഡർ അതുൽ മൽഹാരി ഗോട്സർവെയും മുഴുവൻ ജീവനക്കാരും മോസ്‌കോ വഴി ന്യൂഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ എംബസി അടച്ചതായി വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടാണ് മുഴുവൻ ജീവനക്കാരെയും തിരികെ വിളിച്ചതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൊവിഡ് കാരണം എന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. പ്യോങ്യാങ്ങിലെ നയതന്ത്ര ദൗത്യത്തെക്കുറിച്ച് ഒരു അപ്ഡേറ്റും ഇല്ലാതെ വർഷങ്ങൾ കടന്നുപോയി. അതിനിടെ 14 മാസം മുമ്പ് മംഗോളിയയിലെ അംബാസഡറായി ഗോട്സർവെയ്ക്ക് നിയമനം ലഭിച്ചു. ഈ മാസം ആദ്യം പ്യോങ്യാങ്ങിലെ എംബസിയിൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു. ദിവസങ്ങൾക്കുള്ളിൽ സാങ്കേതിക ജീവനക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘത്തെ ഉത്തര കൊറിയയിലേക്ക് അയയ്ക്കുയും ചെയ്തു. ജീവനക്കാർ ഇതിനോടകം പ്യോങ്യാങ്ങിൽ എത്തിയിട്ടുണ്ടെന്നും ദൗത്യം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തരകൊറിയയുടെ തന്ത്രപ്രധാനമായ പ്രാധാന്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. ഇന്ത്യയ്ക്കും ഏഷ്യയ്ക്കും മാത്രമല്ല, പടിഞ്ഞാറൻ രാജ്യങ്ങൾക്കും ഇത് പ്രധാനമാണ്. അതിനാൽ നയതന്ത്രപരമായി നേരിടാൻ ഇന്ത്യയ്ക്ക് ഉത്തര കൊറിയയുമായി ബന്ധം സ്ഥാപിക്കേണ്ടത് ഒരു പ്രധാന മുൻഗണനയാണ്. ന്യൂഡൽഹിക്ക് മോസ്‌കോയുമായി ഇതിനകം തന്നെ ശക്തമായ ബന്ധമുണ്ട്. ടെഹ്റാനുമായും നല്ല നയതന്ത്രബന്ധം പങ്കിടുന്നു. ഇന്ത്യയും ചൈനയും ഏഷ്യയിൽ ശാശ്വത സമാധാനം കാണുന്നതിന് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്.
ഉത്തരകൊറിയ റഷ്യയുമായുള്ള വ്യാപാരബന്ധം വർധിപ്പിക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തിന് സൈനികരെ വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്. ഏഷ്യയിലുടനീളമുള്ള പ്യോങ്യാങ്ങിന്റെ വളർച്ചയും പ്രവർത്തനവും സ്വാധീനവും മനസിൽ വെച്ചുകൊണ്ട് നയതന്ത്ര ബന്ധങ്ങൾ കെട്ടിപ്പടുക്കാനാണ് ന്യൂഡൽഹി ലക്ഷ്യമിടുന്നത്. പ്യോങ്യാങ്ങിലെ എംബസി വീണ്ടും തുറക്കുന്നത് ആശയവിനിമയത്തിന്റെ ഒരു ചാനൽ പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായാണ് കണക്കാക്കപ്പെടുന്നത്.
© Copyright 2024. All Rights Reserved