ഹോം ഓഫീസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പലപ്പോഴും പലവിധത്തിലുള്ള പരാതികളും പുറത്തുവരാറുണ്ട്. മഹാമാരി കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്ത ജീവനക്കാരിൽ നല്ലൊരു ശതമാനവും ഇപ്പോഴും വർക്ക് ഫ്രം ഹോം പിടിച്ച് സുഖമായിരിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനിടയിലാണ് അതിർത്തി നിയന്ത്രണത്തിൽ കടുത്ത വീഴ്ച സംഭവിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഈ വീഴ്ചയിൽ ആയിരക്കണക്കിന് വിദേശ പൗരൻമാർക്ക് ബ്രിട്ടനിൽ ആജീവനാന്തം ജീവിക്കാനുള്ള അനുമതിയാണ് അബദ്ധത്തിൽ നൽകിയതെന്ന് മെയിൽ റിപ്പോർട്ട് പറയുന്നു. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചയിൽ കുടിയേറ്റക്കാർക്ക് യുകെയിൽ ഇൻഡെഫനിറ്റായി ജീവിക്കാൻ അവകാശം നൽകുന്ന പാസ്‌പോർട്ട് സ്റ്റാമ്പാണ് ചെയ്തുനൽകിയത്.
ഈ സ്റ്റാമ്പ് ഇപ്പോൾ ദുരൂഹമായ രീതിയിൽ മൂടിവെച്ചിരിക്കുകയാണെന്നും ഹോം ഓഫീസിന്റെ ലീഗൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2020-ൽ യുകെ അതിർത്തിയിലെത്തിയ അൽബേനിയൻ അഭയാർത്ഥി അപേക്ഷകന്റെ യാത്രാ രേഖകളിൽ ഈ സ്റ്റാമ്പ് വെച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് വിവരം വെളിച്ചത്ത് വന്നത്. യുകെയിൽ ഇതിന്റെ ബലത്തിൽ തുടരാനുള്ള ഇയാളുടെ ശ്രമം തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ കേസ് പരിശോധിച്ച ഇമിഗ്രേഷൻ ജഡ്ജിമാർ എത്ര പാസ്‌പോർട്ടുകൾ ഈ വിധത്തിൽ സ്റ്റാമ്പ് ചെയ്ത് നൽകിയെന്ന് ഹോം ഓഫീസിന് അറിവില്ലെന്ന് തിരിച്ചറിയുകയായിരുന്നു. യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന യൂറോപ്യൻമാർക്ക് ഉപയോഗിച്ച സീലാണ് ഇതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീൽ ബോർഡർ ഫോഴ്‌സ് ഓഫീസർമാർ വർഷങ്ങളായി പോർട്ടുകളിലും, എയർപോർട്ടുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ വിദേശ പൗരൻമാരെ പ്രവേശിപ്പിക്കാൻ പാസ്‌പോർട്ട് കൺട്രോൾ സൂപ്പർവൈസർമാർ സ്വന്തം നിലയിൽ തീരുമാനമെടുത്തെന്നാണ് വ്യക്തമാകുന്നത്.
© Copyright 2023. All Rights Reserved