സൗദി പ്രൊ ലീഗ് ഫുട്‌ബോളിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ്. 2023 - 2024 സൗദി പ്രൊ ലീഗിൽ അൽ നസർ എഫ് സി താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ട് മത്സരങ്ങളിൽ 10 ഗോളും അഞ്ച് അസിസ്റ്റും നടത്തി. സീസണിലെ ഗോൾ വേട്ടയിലും അസിസ്റ്റിലും 38കാരനായ താരം ഒന്നാം സ്ഥാനത്താണ്. ഗോൾ വേട്ടയിൽ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ അസിസ്റ്റിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസണിലെ ആദ്യ മത്സരത്തിൽ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഒമ്പത് മത്സരങ്ങൾ സൗദി പ്രൊ ലീഗിൽ പൂർത്തിയായപ്പോൾ 19 പോയിന്റുമായി അൽ നസർ എഫ് സി മൂന്നാം സ്ഥാനത്താണ്. അൽ ഹിലാൽ എഫ് സി , അൽ താവൂൺ എഫ് സി എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 2023 - 2024 സീസണിൽ മികച്ച ഫോമിൽ തുടരുന്നതിനിടെ അൽ നസർ എഫ് സി ആരാധകർക്ക് ആവേശവാർത്തയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമ്പിൽ നിന്ന് പുറത്തു വന്നത്. അൽ നസർ എഫ് സിയുമായുള്ള കരാർ ദീർഘിപ്പിക്കാൻ തയാറാണെന്നാണ് താരം അറിയിച്ചത്. നിലവിൽ 2025 ജൂൺ 30 വരെ നീളുന്ന കരാറിലാണ് പോർച്ചുഗൽ സൂപ്പർതാരം അൽ നസർ എഫ് സിയിൽ എത്തിയത്.
2023 ജനുവരിയിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ എഫ്സിയിലേക്ക് ചേക്കേറിയത്. അഞ്ച് തവണ ലോക ഫുട്‌ബോളറിനുള്ള ബാലൻ ദി ഓർ സ്വന്തമാക്കിയ താരം ഇനി 2026 ഫിഫ ലോകകപ്പ് ഫുട്‌ബോൾ കളിക്കാനുള്ള ഒരുക്കത്തിലാണ്. 2026 ഫിഫ ലോകകപ്പിനു ശേഷം 2027 ൽ അൽ നസർ എഫ് സിക്കു വേണ്ടി കളിച്ച് മൈതാനത്തോട് വിടപറയാനുള്ള നീക്കമാണ് താരം നടത്തുന്നതെന്നാണ് പിന്നണിയിലുള്ള സംസാരം. അൽ നസർ എഫ് സിക്കു വേണ്ടി കളിച്ച് വിരമിക്കണമെന്ന ആഗ്രഹം അദ്ദേഹം കഴിഞ്ഞ മാസം വെളിപ്പെടുത്തിയതായി റിപ്പോർട്ട് വന്നിരുന്നു.
എന്നാൽ, ഇക്കാര്യങ്ങൾക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല. 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനായി പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
© Copyright 2023. All Rights Reserved