ആരാധനാലയ നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയെ എതിർത്താണ് കോൺഗ്രസിന്റെ ഹർജി.
-------------------aud----------------------------
മത സൗഹാർദ്ദത്തിന് ആരാധനാലയ നിയമം അനിവാര്യമെന്ന് കോൺഗ്രസ് ഹർജിയിൽ പറയുന്നു. ആരാധനാലയ നിയമം മത സ്വാതന്ത്ര്യം ലംഘിക്കുന്നില്ല എന്നും ഹർജിയിലുണ്ട്.
നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനസാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ ആറ് പേർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ഇടപെടൽ ഹർജി പ്രധാന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 17നാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഹർജി പരിഗണിച്ച കോടതി വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗൗഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ ഒരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കരുതെന്ന് നിർദേശിച്ചിരുന്നു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചു പുതിയ ഹർജികളിൽ രജിസ്റ്റർ ചെയ്യുന്നതും തടഞ്ഞു.
2020ൽ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് നിയമം സംബന്ധിച്ച് ആദ്യം ഹർജി നൽകിയത്. ശേഷം കൂടുതൽ ഹർജികൾ കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടു.സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ തൽസ്ഥിതി തുടരണം എന്ന വ്യവസ്ഥ അടക്കമുള്ളവയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
© Copyright 2024. All Rights Reserved