സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ അർഹതയില്ലാതെ കൈപ്പറ്റി തട്ടിപ്പ് നടത്തുന്നവരെ തടയാൻ സർക്കാർ രംഗത്തിറങ്ങുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച, ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കാൻ വെൽഫെയർ ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്ന 'സ്‌നൂപ്പേഴ്സ് ചാർട്ടർ' വീണ്ടും കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് സർക്കാർ. 'തട്ടിപ്പുകാരെ പെട്ടെന്ന് പിടികൂടുക' എന്ന പദ്ധതിക്ക് കീഴെ കൊണ്ടുവരുന്ന ഫ്രോഡ്, എറർ, ഡെബ്റ്റ് ബിൽ, ബാങ്കുകൾക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും ബാങ്ക് വിവരങ്ങൾ സർക്കാരുമായി പങ്കുവയ്ക്കുന്നത് നിർബന്ധമാക്കും. ആനുകൂല്യങ്ങളുടെ തട്ടിപ്പ് അവസാനിച്ച് അഞ്ച് വർഷം കൊണ്ട് 1.6 ബില്യൺ പൗണ്ടിലധികം ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
-------------------aud--------------------------------
ലേബർ പാർട്ടി സമ്മേളനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിച്ചത്. ക്ഷേമ രാഷ്ട്രം എന്ന സങ്കൽപവുമായി മുൻപോട്ടു പോകാൻ ഇത്തരംതട്ടിപ്പുകൾ തടയേണ്ടത് ആവശ്യമാണെന്നും അതിനായൂള്ള നിയമനിർമ്മാണങ്ങൾ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ സർക്കാർ ആനുകൂല്യ തട്ടിപ്പ് തടയുവാൻ നിർമ്മിച്ച ബില്ലിനെ പോലൊന്ന് ആകരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. വ്യക്തികളുടെ, പ്രത്യേകിച്ചും വൃദ്ധരുടെയും അവശരുടെയും സ്വകാര്യതക്ക് ഭീഷണിയാണ് ആ ബിൽ എന്നായിരുന്നു വിമർശനം.
എന്നാൽ, പുതിയ ബില്ലിൽ, അവശവിഭാഗത്തെ സംരക്ഷിക്കുന്നതിനുള്ള പുതിയ നടപടികൾ ഉണ്ടാകുമെന്നാണ് ലേബർ പാർട്ടി നൽകുന്ന സൂചന. മാത്രമല്ല, പുതിയ അധികാരം ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് (ഡി ഡബ്ല്യു പി) ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ഉണ്ടാകും. പുതിയ അധികാരം, യഥാവിധി ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനം ജീവനക്കാർക്ക് നൽകുമെന്ന് ഡി ഡബ്ല്യു പി യും വ്യക്തമാക്കിയിട്ടുണ്ട്. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം ക്ഷേമ രാഷ്ട്രം എന്ന ലക്ഷ്യവുമായി മുൻപോട്ട് പോവുക എന്നതാണ് ഈ പുതിയ നിയമം വഴി സർക്കാർ ഉന്നം വയ്ക്കുന്നത്.
ബ്രിട്ടനിൽ പെർമെനന്റ് റെസിഡൻസി (പി ആർ) ലഭിച്ചവർക്കാണ് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുക. അതിന് മുൻപായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായാലും അത് സ്വീകരിക്കാനോ അതിനായി അപേക്ഷിക്കാനോ മുതിരരുത്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നോക്കി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ അത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും വഴി തെളിക്കും. പി ആർ ലഭിക്കുന്നതിന് മുൻപായി ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ വിസ റദ്ദാകുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. അതുകൊണ്ടു തന്നെ ഹ്രസ്വകാല ലാഭത്തിന് പുറകെ പോയി ഭാവി നശിപ്പിക്കാതിരിക്കുക.
© Copyright 2024. All Rights Reserved