വാഷിങ്ഡൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ഞായറാഴ്‌ചയാണ് ഇദ്ദേഹം തീകൊളുത്തി മരിച്ചത്. 10000ത്തിലേറെ കുഞ്ഞുങ്ങൾ അടക്കം 30000ഓളം ഫലസ്‌തീനികളെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണത്തിന് യു.എസ് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ആരോണിന്റെ ആത്മബലി. സൈനിക യൂണിഫോം ധരിച്ച് ജീവനൊടുക്കുന്ന ദൃശ്യം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. തീനാളങ്ങൾ വിഴുങ്ങുമ്പോൾ 'ഫലസ്തീനെ സ്വതന്ത്രമാക്കൂ' എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 'ഞാൻ യു.എസ് എയർഫോഴ്‌സിലെ സൈനികനാണ്. വംശഹത്യയിൽ ഞാൻ പങ്കാളിയാകില്ല' എന്നും ആരോൺ ബുഷ്‌നെൽ മരണത്തിന് തൊട്ടുമുമ്പ് പറഞ്ഞു. "ഞാൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോവുകയാണ്. എന്നാൽ, ഫലസ്തീനികൾ തങ്ങളെ കോളനിവൽകരിച്ചവരുടെ കൈകളിൽ അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒട്ടും തീവ്രമല്ല' എന്ന് പറഞ്ഞാണ് അദ്ദേഹം ഇസ്രായേൽ എംബസിക്ക് അടുത്തേക്ക് നടന്നുവന്നത്. അതേസമയം, ആരോണിൻ്റെത് പ്രതിഷേധ ആത്മഹത്യയാണെന്ന് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നില്ല. അതേസമയം അമേരിക്കൻ ഭരണകൂടവും അതിൻ്റെ അന്യായ നയങ്ങളും കാരണം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ സംരക്ഷകൻ എന്നാണ് ആരോണിനെ ഹമാസ് വിശേഷിപ്പിച്ചത്. അദ്ദേഹം എന്നെന്നും ഫലസ്തീനികളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കുമെന്നും ഹമാസ് വക്താവ് പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയത്തിൽനിന്നുള്ള അനുശോചനവും ഹമാസ് രേഖപ്പെടുത്തി.
© Copyright 2025. All Rights Reserved