എൻഎച്ച്എസ് ആശുപത്രികളിൽ രോഗികളെയും സന്ദർശകരെയും പിഴിഞ്ഞ് കാർ പാർക്കിംഗ് ഫീസ് കൊള്ള. കഴിഞ്ഞവർഷം രോഗികളും, സന്ദർശകരും മാത്രം നൽകിയത് 146 മില്ല്യൺ പൗണ്ട് ആണ്. മഹാമാരി കാലത്ത് താഴ്ന്ന ശേഷമാണ് ഈ ഫീസ് കുത്തനെ ഉയർന്നത്. പാർക്കിംഗ് ഫീസ് റദ്ദാക്കുമെന്ന് ടോറി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കാൻ ഗവൺമെന്റിന് ഇതുവരെ സാധിച്ചിട്ടില്ല.
നിരക്കുകൾ കുത്തനെ ഉയർന്നത് മൂലം രോഗികൾ ചികിത്സ തേടാനും, സന്ദർശകർക്ക് ഇവരുടെ അരികിലെത്താനും മടി കാണുമെന്ന് ക്യാംപെയിൻ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. 2022/23 വർഷത്തിൽ രോഗികളുടെയും, സന്ദർശകരുടെയും പാർക്കിംഗ് ഇനത്തിലാണ് എൻഎച്ച്എസ് ട്രസ്റ്റുകൾ 145.8 മില്ല്യൺ പൗണ്ട് നേടിയതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ വ്യക്തമാക്കി.
മുൻവർഷത്തെ അപേക്ഷിച്ച് 96.7 മില്ല്യൺ പൗണ്ട് അധികമാണ് ഈ പിരിവ്, അതായത് ഏകദേശം 50 ശതമാനം വർദ്ധന. രണ്ട് വർഷം മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടി വർദ്ധനയും രേഖപ്പെടുത്തി. ഓരോ ദിവസവും 400,000 പൗണ്ടാണ് ആശുപത്രികളിലെ കാർ പാർക്കിൽ ചെലവാക്കപ്പെടുന്നത്.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കവെൻട്രിയും, വാർവിക്ക്ഷയർ എൻഎച്ച്എസ് ട്രസ്റ്റുമാണ് രോഗികളുടെയും, സന്ദർശകരുടെയും പാർക്കിംഗ് ഫീസ് ഇനത്തിൽ ഏറ്റവും ഉയർന്ന വരുമാനം നേടിയത്. ഡെർബി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ്, ബർടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവർ പിന്നാലെയുണ്ട്. അതേസമയം ആശുപത്രി ജീവനക്കാർക്കും കാർ പാർക്കിംഗ് ഫീസിൽ നിന്നും രക്ഷയില്ലെന്ന് കണക്കുകൾ പറയുന്നു.
ദേശീയ തലത്തിൽ ജീവനക്കാരിൽ നിന്നും പിരിക്കുന്ന തുക എട്ടിരട്ടിയാണ് വർദ്ധിച്ചത്. 2021/22 വർഷത്തിൽ 5.6 മില്ല്യൺ പൗണ്ടായിരുന്ന പാർക്കിംഗ് ഫീസ് 2022/23 വർഷമായതോടെ 46.7 മില്ല്യൺ പൗണ്ടിലേക്കാണ് വർദ്ധിച്ചത്. കൊവിഡ്-19 മഹാമാരിക്കിടെ ജീവനക്കാരുടെ പാർക്കിംഗ് ചാർജ്ജുകൾ റദ്ദാക്കി നൽകിയ ശേഷം ഈ വർഷം മാർച്ചിൽ പുനരാരംഭിച്ചതോടെയാണ് ഈ തിരിച്ചടി.
നിലവിലെ എൻഎച്ച്എസ് ഗൈഡ്‌ലൈൻസ് പ്രകാരം അംഗവൈകല്യമുള്ളവർക്ക്, പതിവായി എത്തുന്ന ഔട്ട്‌പേഷ്യന്റ് അറ്റൻഡേഴ്‌സ്, രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ രാത്രിയിൽ തങ്ങാനായി എത്തുമ്പോൾ, ജീവനക്കാർ രാത്രി ഷിഫ്റ്റിൽ പ്രവേശിക്കുമ്പോൾ എന്നിങ്ങനെയാണ് പാർക്കിംഗ് സൗജന്യം അനുവദിക്കുന്നത്.
© Copyright 2024. All Rights Reserved