സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കളെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. സിനിമാ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോർട്ട്.
-------------------aud--------------------------------
ഷൂട്ടിംഗിന് മുൻപ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 22 കോടി ചെലവായെന്ന് പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ ചെലവായത് 18.65 കോടിയാണ്. അരൂർ സ്വദേശിയായ സിറാജ് വലിയത്തറ ഹമീദാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിർമാതാക്കൾ ഒരു രൂപ പോലും പരാതിക്കാരന് നൽകിയിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. പരാതിയിൽ ഹൈക്കോടതി നേരത്തെ തന്നെ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ സിറാജിന്റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ട് സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. 7 കോടി രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
© Copyright 2024. All Rights Reserved