സമ്പത്തിന്റെ കാര്യത്തിൽ ആർക്കും തകർക്കാൻ ആകാത്ത സ്ഥാനത്ത് എത്തിയ ശതകോടീശ്വരൻ എലൻ മസ്‌ക് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന ചില സൂചനകൾ പുറത്തു വരുന്നു. നേരത്തെ, ബ്രിട്ടനിൽ പുതുതായി പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചുള്ള പരാതിയെ പിന്തുണയ്ക്കുക വഴി അദ്ദേഹം തലക്കെട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ റിഫോം യു കെ പാർട്ടിയുടെ സ്ഥാപകനേതാവ് നെയ്ജൽ ഫാരാജുമായി എലൻ മസ്‌ക് ഫ്‌ലോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയും വാർത്തയാവുകയാണ്.
-------------------aud--------------------------------
കടുത്ത വലതുപക്ഷ നിലപാടുകൾ പിന്തുടരുന്ന പാർട്ടിക്ക് 100 മില്യൺ അമേരിക്കൻ ഡോളർ സംഭാവന നൽകാൻ മസ്‌ക് തയ്യാറായി എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. അമേരിക്കൻ നിയുക്ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മാർ എ ലാഗോ റിസോർട്ടിൽ വെച്ചായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ബ്രിട്ടനിലെ റിയൽ എസ്റ്റേറ്റ് ഭീമൻ നിക്ക് കാൻഡിയും പങ്കെടുത്തു. കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നായിരുന്നു നിക്ക് കാൻഡി. കഴിഞ്ഞയാഴ്ചയായിരുന്നു അദ്ദേഹത്തെ റിഫോം യു കെയുടെ ട്രഷറർ ആയി പ്രഖ്യാപിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് രാഷ്ട്രീയ കക്ഷിക്ക് എലൻ മസ്‌ക് സംഭാവന നൽകിയേക്കുമെന്ന അഭ്യൂഹം പടർന്നത്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച എലൻ മസ്‌ക് ബ്രിട്ടീഷ് പ്രധാനമന്ത്രി, സർ കീർ സ്റ്റാർമറുടെ ഒരു കടുത്ത വിമർശകൻ കൂടിയാണ്. ട്രംപുമായുള്ള ബന്ധം ഉപയോഗിച്ച് ഫരാജെയുമായി അടുപ്പത്തിലായ മസ്‌ക് റിഫോം പാർട്ടിയുടെ വളർച്ചയിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. സംഭാവനയുടെ കാര്യം ചർച്ച ചെയ്തു എന്ന് സമ്മതിച്ച ഫരാജ്, പക്ഷെ അത് നൽകുവാൻ മസ്‌ക് സമ്മതിച്ച കാര്യം പറഞ്ഞില്ല. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
© Copyright 2024. All Rights Reserved