ആർച്ബിഷപ്പിന്റെ്റെ വിമർശനം ഫലം കണ്ടു; വീസ നിയമത്തിൽ താൽകാലിക ഇളവുകൾ പരിഗണിക്കാമെന്ന് ഋഷി സുനക്

14/12/23

കഴിഞ്ഞയാഴ്‌ച ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ച പുതിയ

വീസ നിയമത്തിനെതിരേ കാൻ്റർബറി ആർച്ബിഷപ് റവ. ഡോ. ജെസ്റ്റിൻ വെൽബി ഉൾപ്പെടെയുള്ളവർ ഉയർത്തിയ വിമർശനങ്ങൾ ഫലം കണ്ടു. ബ്രിട്ടിഷുകാരായ ഒട്ടേറെ ആളുകളെ പ്രതികൂലമായി ബാധിക്കുന്ന നിയമം കുടുംബങ്ങളുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നും, നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ പോലും മുടങ്ങാൻ വഴിവയ്ക്കുമെന്നുമായിരുന്നു പാർലമെൻന്റിലെ പ്രഭുസഭയിൽ ആർച്ബിഷപ്പിൻ്റെ വിമർശനം.

ഇതെല്ലാം പരിഗണിച്ച് പുതിയ വീസ നിയമത്തിൽ താൽകാലിക ഇളവുകൾ പരിഗണിക്കാമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രഖ്യാപനം. പാർലമെന്റിൽ ഇന്നലെ ഇതുസംബന്ധിച്ചുയർന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രി 'ട്രാൻസിഷനൽ അറേൻജ്മെന്റ്' പരിഗണിക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി. വിദേശ പൗരത്വമുള്ളവരെ ജീവിത പങ്കാളികളാക്കിയ നിരവധി ബ്രിട്ടിഷുകാരുണ്ട്. പുതിയ നിയമപ്രകാരം ഇവർക്ക് വാർഷിക വരുമാനം 38,700 പൗണ്ടിൽ കുറവാണെങ്കിൽ ഇവരെ ബ്രിട്ടനിലേക്ക് ആശ്രിത വിസയിൽ കൊണ്ടുവരാനാകില്ല. ഈ സാഹചര്യം കുടുംബാംഗങ്ങളെ പരസ്‌പരം അകറ്റിനിർത്താൻ ഇടയാക്കുമെന്നായിരുന്നു ആർച്ബിഷപ്പിൻ്റെ വിമർശനം. പുതിയ നിയമം നിലവിൽ ബ്രിട്ടനിലുള്ളവരെയും ബാധിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് ഏറെക്കുറെ ശരിവയ്ക്കുന്ന പ്രസ്‌താവനകളും ഹോം സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാൽ ഇക്കാര്യത്തിലും പുനർവിചിന്തനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പാർലമെൻ്റിൽ അറിയിച്ചത്. കെയറർ വീസയിലും മറ്റും നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. ഈസ്റ്റ‌് ലണ്ടനിലെ ന്യൂഹാമിൽനിന്നുള്ള മുതിർന്ന ലേബർ എംപി സ്റ്റീഫൻ ടിംസാണ് ഇന്നലെ ചോദ്യോത്തരവേളയിൽ ഈ സുപ്രധാന വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്‌ച സർക്കാർ പുതിയ വീസ നിയമങ്ങൾ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളുടെ വിവാഹ തീരുമാനങ്ങളാണ് അട്ടിമറിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അവരുടെ പ്ലാനുകൾ മുടങ്ങില്ലെന്നും നിലവിൽ ബ്രിട്ടനിലുള്ള വിദേശ കുടുംബങ്ങൾക്ക് അവരുടെ വീസ നീട്ടി കിട്ടുന്നതിന് തടസമുണ്ടാകില്ലെന്നും ഉറപ്പുനൽകാനാകുമോ എന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ഇത്തരക്കാർക്കായി പരിവർത്തനകാലത്തെ ചില വിട്ടുവീഴ്‌ചകൾ പരിഗണിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്‌തമാക്കിയത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പുതിയ നിയമത്തിൽ കാതലായ പൊളിച്ചെഴുത്തുകൾ ഉണ്ടാകില്ലെന്ന വ്യക്‌തമായ സന്ദേശം നൽകാനും അദ്ദേഹം മറന്നില്ല. ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നവർ സാമ്പത്തികമായി അവരെ പിന്തുണയ്ക്കാനും കഴിയുന്നവരായിരിക്കണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. പത്തുവർഷത്തിലേറെയായി ഇക്കാര്യത്തിൽ ഒരു പൗണ്ടിന്റെ പോലും വർധന ഉണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു.. നിലവിൽ ബ്രിട്ടനിലുള്ളവർക്ക് വീസ കാലാവധി നീട്ടിക്കിട്ടാൻ പുതിയ നിയമം തടസമാകില്ലെന്ന വ്യക്‌തമായ സൂചനയാണ് ഇന്നലെ ഹോം സെക്രട്ടറി ജെയിംസ് ക്ലവെർലിയും നൽകിയത്. റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ബ്രിട്ടനിൽ നിലവിലുള്ളവർക്ക് പുതിയ നിയമം ബാധകമാകുമോ എന്ന ചോദ്യത്തിന് ഇത് ഭാവിയെ കരുതിയുള്ള നിർദേശമാണെന്നും ഭൂതകാലത്തിനുവേണ്ടി ഉള്ളതല്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം ഏപ്രിൽ മുതൽ നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തുമെന്നാണ് കഴിഞ്ഞയാഴ്‌ച സർക്കാർ പ്രഖ്യാപിച്ചത്. ഫാമിലി വീസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണമെന്നായിരുന്നു നിർദേശം. പോയിൻ്റ് ബെസ്‌ഡ്‌ ഇമിഗ്രേഷൻ സിസ്‌റ്റത്തിൽ സ്കിൽഡ് വീസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് അമ്പത് ശതമാനത്തോളം വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്. ഫാമിലി വീസയ്ക്ക് പത്തുവർഷമായി നിലവിലുണ്ടായിരുന്ന 18,600 പൗണ്ടാണ് ഇരട്ടിയായി വർധിപ്പിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu