ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇംഗ്ലണ്ട് ടീമിന് എളുപ്പവഴി ഉപദേശിച്ച് മുൻ താരം മോണ്ടി പനേസർ. വിരാട് കോലിയെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തിൻറെ ഇഗോയെ മുറിവേൽപ്പിക്കുകയും ചെയ്താൽ ഇംഗ്ലണ്ടിന് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാമെന്ന് പനേസർ പറഞ്ഞു.
കോലിയുടെ ഈഗോ വെച്ച് കളിക്കുക. അവനെ മാനസികമായി തളച്ചിടുക. അതുപോലെ ഫൈനൽ ജയിക്കാൻ നിങ്ങൾക്കാവില്ല എന്ന രീതിയിൽ പടിക്കൽ കലമുടക്കുന്നവരാണ് നിങ്ങളെന്ന് കളിയാക്കുക ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. കാരണം, കളിക്കാരനെന്ന നിലയിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഏകദിന, ടി20 ലോകകപ്പുകൾ ജയിച്ചിട്ടുണ്ട്. വിരാട് കോലി ഇതൊന്നും നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം പരാമർശങ്ങൾ കോലിയെ മാനസികമായി തളർത്തും.ഇത്തവണയും ജെയിംസ് ആൻഡേഴ്സൺ വിരാട് കോലിയെ നിർവീര്യനാക്കുമെന്നും പനേസർ പറഞ്ഞു. 2014ൽ ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയപ്പോൾ ആൻഡേഴ്സൺ കോലിയെ നാലു തവണ പുറത്താക്കിയിരുന്നു. എന്നാൽ അതിനുശേഷം നന്ന നാലു പരമ്പരകളിൽ രണ്ടു തവണ മാത്രമാണ് ആൻഡേഴ്സണ് കോലിയെ വീഴ്ത്താനായത്. ഇന്ത്യയിൽ ഇനിയും പുറത്താക്കാനുമായിട്ടില്ല. എന്നാൽ ഇത്തവണ കളി മാറുമെന്നും ജെയിംസ് ആൻഡേഴ്സൻറെ റിവേഴ്സ് സ്വിംഗിൽ വിരാട് കോലി വീഴുമെന്നും മോണ്ടി പനേസർ പറഞ്ഞു. ഇന്ത്യയിൽ വ്യത്യസ്ത സമീപനമാകും സ്വീകരിക്കുകയെന്നും ഇംഗ്ലണ്ടിലെ പോലെയായിരിക്കില്ല ഇന്ത്യയിൽ പന്തെറിയുകയെന്നും ആൻഡേഴ്സൺ പറഞ്ഞിരുന്നു. റിവേഴ്സ് സ്വിങ് വലിയ ഘടകമാകുമെന്നും പേസർമാരെ വച്ച് ബൗളിംഗ് ഓപ്പൺ ചെയ്യേണ്ടാത്ത സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാവാമെന്നും രണ്ട് സ്പിന്നർമാർ തുടക്കത്തിൽ പന്തെറിഞ്ഞേക്കാമെന്നും ആൻഡേഴ്സൺ പറഞ്ഞിരുന്നു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
© Copyright 2024. All Rights Reserved