യുകെയിൽ സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ഉയർന്ന മോർട്ട്‌ഗേജ് നിരക്കുകളും, ഭവനങ്ങളുടെ ലഭ്യത കുറവും ഈ സ്വപ്‌നത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടിന്റെ ഗ്രാമീണ മേഖലകളിൽ വീടില്ലാത്തവരുടെ എണ്ണത്തിൽ 40% വർധന ഉണ്ടായതായി ഒരു ചാരിറ്റി വ്യക്തമാക്കുന്നത്.
അഞ്ച് വർഷത്തിനിടെയാണ് ഇത്ര വലിയ വിടവ് സംജാതമായത്. രണ്ടാം ഭവനം വാങ്ങുന്നവരുടെ എണ്ണമേറിയതും, കുതിച്ചുയരുന്ന മോർട്ട്‌ഗേജുകളും, ഉയർന്ന എനർജി ബില്ലുകളുമാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സിപിആർഇ ചാരിറ്റി വ്യക്തമാക്കി. 2018-ൽ ഗ്രാമീണ മേഖലകളിൽ 17,212 പേരാണ് ഭവനരഹിതരെങ്കിൽ ഇത് 2023 എത്തുമ്പോഴേക്കും 24,143 പേരിലേക്കാണ് ഉയർന്നത്.
ശമ്പളം സ്തംഭനാവസ്ഥയിലേക്ക് മാറിയതും, ഹൗസിംഗ് ചെലവുകൾ പല ഭാഗത്തും ഉയരുന്നതുമാണ് ഈ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. 2022 ഒക്ടോബറിൽ വാർഷിക പണപ്പെരുപ്പം 41 വർഷത്തെ ഉയർന്ന നിരക്കായ 11.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. നവംബറിൽ ഇത് 3.9 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും മറ്റ് പല കാരണങ്ങൾ ചേർന്ന് ഭക്ഷ്യ ദാരിദ്ര്യത്തിലേക്കും, ഭവനമില്ലാത്ത അവസ്ഥയിലേക്കും നയിച്ചെന്ന് സംഘടന പറയുന്നു.
റെക്കോർഡ് ഭവനവിലയും, , സോഷ്യൽ-റെന്റ് ഹൗസിംഗിനുള്ള കാത്തിരിപ്പ് ഏറുന്നതും, രണ്ടാമത്തെ വീടുകൾ വാങ്ങുന്നവരുടെ എണ്ണമേറുന്നതും, ചെറിയ കാലത്തേക്ക് വാടകയ്ക്ക് കൊടുക്കുന്നതുമെല്ലാം ഭവനരഹിതരുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണെന്ന് ചാരിറ്റി ചൂണ്ടിക്കാണിക്കുന്നു.
© Copyright 2024. All Rights Reserved