അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ നികുതി വർദ്ധനവ്, വികസന പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാൻ താമസിയാതെ ഈ കൗൺസിലുകൾ നിർബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ പറയുന്നത് .
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 4 ബില്ല്യൺ പൗണ്ട് അടിയന്തരമായി നൽകണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാർട്ടികളിലെ എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗൺസിലുകളുടെ പ്രതിസന്ധി മറികടക്കാൻ 600 മില്യൺ പൗണ്ട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗൺസിലുകളുടെ പ്രവർത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം കൗൺസിലുകളും അടുത്ത 12 മാസത്തിനുള്ളിൽ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗവൺമെന്റിൽ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വർഷത്തിനുള്ളിൽ തങ്ങൾ തകർന്നടിയുമെന്നാണ് പകുതിയിലധികം കൗൺസിലുകളും അഭിപ്രായപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൗൺസിൽ നികുതി ഉയർത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാർക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗൺസിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വൻ ജന രോഷമാണ് പ്രാദേശിക കൗൺസിൽ മേധാവികൾക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. കൗൺസിലുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക പാർട്ടിയുടെ ദേശീയ നേതൃത്വങ്ങൾക്ക് ഉണ്ട് .
വോക്കിംഗ്, നോട്ടിംഗ്ഹാം, ബർമിംഗ്ഹാം, തുറോക്ക് എന്നീ 4 കൗൺസിലുകൾ ഉൾപ്പെടെ എട്ട് ഇംഗ്ലീഷ് കൗൺസിലുകൾ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിൽ ബർമിംഗ്ഹാം സിറ്റി കൗൺസിൽ 21 ശതമാനമായി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയിരുന്നു . കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ ബർമിംഗ്ഹാമിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. തെരുവ് വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലുകളുടെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്.
© Copyright 2024. All Rights Reserved