ഇംഗ്ലണ്ടിൽ എ-ലെവലുകൾക്കും ടി-ലെവലുകൾക്കും പകരമാകാൻ അഡ്വാൻസ്ഡ് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. 16 വയസ് മുതൽ 19 വയസ് വരെയുള്ള എല്ലാ കുട്ടികളും അഞ്ച് വിഷയങ്ങൾ പഠിക്കേണ്ടതായി വരും. ഇതിൽ ഇംഗ്ലീഷും മാത്ത്സും ഉൾപ്പെടും. എന്നാൽ, ഇത് നിലവിൽ വരുവാൻ ഇനിയും വർഷങ്ങൽ എടുക്കും. പുതിയ അഡ്വാൻസ്ഡ് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് പ്രകാരം പഠിക്കുന്ന ആദ്യ ബാച്ച് ഇപ്പോൾ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ച വിദ്യാർത്ഥികളായിരിക്കും.
പദ്ധതി വിജയകരമാക്കുവാൻ കൂടുതൽ അദ്ധ്യാപകരെ നിയമിക്കുമെന്നും സുനക് വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാർത്ഥികൾക്ക് അക്കാഡമിക്, വൊക്കേഷണൽ ഭാഗങ്ങൾ സംയോജിപ്പിക്കാൻ കഴിയും എന്നതാണ്. മൂന്ന് മേജർ വിഭാഗങ്ങളും രണ്ട് മൈനർ വിഭാഗങ്ങളും ആയിരിക്കും ഉണ്ടാവുക. ഇതിൽ 18 വയസ്സു വരെ ഗണിത ശാസ്ത്രവും ഇംഗ്ലീഷും നിർബന്ധമാക്കും. ഇതോടെ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാകും.
മികച്ച വിദ്യാഭ്യാസ നയം എന്നത്, ഒരു മികച്ച സാമ്പത്തിക നയമാണ്, മികച്ച സാമൂഹിക നയമാണ്, മികച്ച ധാർമ്മിക നയമാണ് എന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനിടെ പ്രധാനമന്ത്രി സുനക് പറഞ്ഞത്. പുതിയ നയം, എ ലെവൽ വിദ്യാഭ്യാസത്തിലെയും വൊക്കേഷണൽ ടി ലെവൽ വിദ്യാഭ്യാസത്തിലെയും മികച്ച ഘടകങ്ങളെ ഒരുമിച്ചു കൊണ്ടു വരും എന്ന് മാഞ്ചസ്റ്ററിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ സുനക് പറഞ്ഞു.
കർക്കശമായതും, അറിവുകളാൽ സമ്പന്നമായതുമായ പുതിയ രീതി സാങ്കേതിക വിദ്യാഭ്യാസത്തെയും അക്കാദമിക വിദ്യാഭ്യാസത്തെയും ഒരേ തലത്തിൽ കൊണ്ടു വരും. മാത്രമല്ല, സ്‌കൂൾ പഠനം പൂർത്തിയാക്കിയ ഓരോ വിദ്യാർത്ഥിക്കും ഇംഗ്ലീഷിലും ഗണിത ശാസ്ത്രത്തിലും അറിവ് നേടാനായി എന്ന് ഉറപ്പാക്കുകയും ചെയ്യും. രാജ്യത്തെ ഒരു കുട്ടിയും വിദ്യാഭ്യാസ വിഷയത്തിൽ പിന്നാക്കം പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു ചില രാജ്യങ്ങളിലെ വിദ്യാർത്ഥികളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലെ കുട്ടികൾ ക്ലാസ്സ് മുറികളിൽ മൂന്നിലൊന്ന് സമയം കുറവാണ് ചെലവഴിക്കുന്നത് എന്ന് പറഞ്ഞ സുനാക് , പുതിയ സമ്പ്രദായം നടപ്പിലാക്കിയാൽ ചുരുങ്ങിയത് 195 മണിക്കൂർ അധിക സമയമെങ്കിലും വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ ചെലവഴിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും പറഞ്ഞു. ഇത് കൂടുതൽ അദ്ധ്യാപകരുടെ ആവശ്യകത സൃഷ്ടിക്കും.
കൂടുതൽ പേരെ അദ്ധ്യാപന മേഖലയിലേക്ക് നയിക്കുന്നതിനും, ഇതേ മേഖലയിൽ തന്നെ തുടർന്ന് പോകുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാന വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ആദ്യ അഞ്ചു വർഷങ്ങളിലായി 30,000 പൗണ്ടിന്റെ നികുതി രഹിത ബോണസ് നൽകും.
ഇതിനു പുറമെ കൂടുതൽ ഗണിത ശാസ്ത്രാദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി അടുത്ത രണ്ടു വർഷങ്ങളിലായി 600 മില്യൺ പൗണ്ടിന്റെ പദ്ധതിയും രൂപീകരിക്കും. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇനി കൺസൾട്ടേഷന് വിടും. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ 2033-34 വിദ്യാഭ്യാസ വർഷം മുതലായിരിക്കും ഇത് നടപ്പിലാക്കുക. മാറ്റങ്ങൾ ഇംഗ്ലണ്ടിൽ മാത്രമായിരിക്കും നിലവിൽ വരിക.
© Copyright 2023. All Rights Reserved