മത പരിവർത്തനം നടക്കുന്ന മത സമ്മേളനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഹലാബാദ് ഹൈക്കോടതി. അല്ലാത്തപക്ഷം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായി മാറുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
മതം മാറ്റ കുറ്റത്തിന് കേസിൽ പ്രതി ചേർക്കപ്പെട്ട കൈലാസ് എന്നയാളുടെ ജാമ്യഹർജി തള്ളിക്കൊണ്ടാണ്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ നിരീക്ഷണം. മത പ്രചാരണം എന്നതിന് പ്രചരിപ്പിക്കൽ എന്നാണ് അർഥമെന്നും ഒരു മതത്തിൽനിന്നു മറ്റൊരു മതത്തിലേക്കു മാറ്റൽ എന്നല്ലെന്നും കോടതി പറഞ്ഞു.
-------------------aud--------------------------------
ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത പരിവർത്തനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. മത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന സംഘം യുപിയിലെ ചില ഗ്രാമീണരെ ക്രിസ്തു മതം സ്വീകരിക്കാൻ ഡൽഹിയിലേക്കു കൊണ്ടുപോയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
മത പരിവർത്തനം നിയന്ത്രിക്കാൻ യുപി സർക്കാർ 2021ൽ പാസാക്കിയ നിയമത്തിൻറെ ലംഘനമാണിതെന്നാണ് ആരോപണം. കേസിലെ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി നിരാകരിച്ചു. ഇന്ത്യൻ പൗരൻമാരെ കൂട്ടത്തോടെ മതം മാറ്റുന്ന കൂട്ടായ്മകൾ അടിയന്തരമായി നിരോധിക്കേണ്ടതാണെന്നും കോടതി. യുപിയിൽ ഉടനീളം പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെയും കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്കു മാറ്റാൻ ശ്രമങ്ങൾ നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മത പ്രചരണത്തിന് ഭരണഘടന അനുമതി നൽകുന്നുണ്ട്. എന്നാൽ, മത പ്രചരണവും മത പരിവർത്തനവും രണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. .
© Copyright 2024. All Rights Reserved