കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. മൂന്ന് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്ക്കൊപ്പമാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ തന്നെ ആക്ഷന്‍ കൊറിയോഗ്രഫി ഉണ്ട്. ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന വിവരം അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ജയം രവിക്കും തൃഷയ്ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്ന്, നവംബര്‍ 7 നാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കഴിഞ്ഞ മാസാവസാനം ചിത്രത്തിന്‍റെ പ്രധാന അണിയറക്കാരെ പ്രഖ്യാപിച്ചിരുന്നു. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
© Copyright 2023. All Rights Reserved