തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ അറസ്റ്റ് വാറണ്ടിനെ 1894ൽ നടന്ന ഡ്രെയ്ഫസ് ട്രയലിനോട് നെതന്യാഹു ഉപമിച്ചു. എക്‌സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നെതന്യാഹു തനിക്കെതിരെയുള്ള നടപടിയിൽ മറുപടി നൽകിയത്.
-------------------aud-------------------------------
1894 ൽ ജർമനിക്ക് സൈനിക രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് ആൽഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിയായിരുന്നു ഡ്രയ്ഫസ് ട്രയൽ. രാജ്യ ദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡ്രെയ്ഫസിനെ ഡെവിൾസ് ഐലന്റിലേയ്ക്ക് നാട് കടത്തുകയും ചെയ്തു. ഈ കേസ് യഹൂദ വിരുദ്ധതയുടെ പ്രതീകമായി മാറി. നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് ഈ സംഭവത്തെ ഓർമിപ്പിക്കാൻ കാരണം. ഇസ്രയേലിനെതിരെ ഹമാസിന്റെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐസിസി ഒരു ഇസ്രയേൽ രാഷ്ട്രത്തതലവന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമായാണ്. ഐസിസിയുടെ നടപടികൾ അസംബന്ധവും വ്യാജവുമാണെന്ന് നെതന്യാഹു പറഞ്ഞു. നീതിയുടെ ഇരുണ്ട ദിനമെന്നാണ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വിശേഷിപ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ബിസെലം ഐസിസിയുടെ നടപടികളെ സ്വാഗതം ചെയ്തു. നിർണായകമായ ചുവടുവെപ്പാണെന്നാണ് സംഘം വിശേഷിപ്പിച്ചത്.
© Copyright 2024. All Rights Reserved