പാർലമെൻ്റിന് പുറത്ത് വെച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറെ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി അനുകരിച്ച സംഭവത്തിൽ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. "ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്. ഇത് കേവലമൊരു അപമര്യാദയുടെ മാത്രം കാര്യമല്ല. ഇത് വെറും രാഷ്ട്രീയമാണ്. രാഹുൽ ഗാന്ധി ഇതിൻ്റെ വിഡിയോ മൊബൈൽ ഫോണിൽ എടുത്തിട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾക്കത് പോലും അറിയാൻ കഴിയുമായിരുന്നില്ല."-എന്നായിരുന്നു മമതയുടെ മറുപടി.
പാർലമെന്റിൽ നിന്ന് നൂറിലേറെ എം.പിമാരെ സസ്പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിക്കവെയാണ് കല്യാൺ ബാനർജി ധൻകറെ അനുകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അടക്കമുള്ളവർ ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതിനിടെ, സംഭവം പൊലിപ്പിക്കുന്ന മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി പാർലമെൻ്റിൽ നിന്ന് ഇത്രയധികം എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ മാധ്യമങ്ങൾക്ക് ഒരു പ്രശ്‌നവുമില്ലെന്നും രാഹുൽ പരിഹസിച്ചു. "എം.പിമാർ പ്രതിഷേധവുമായി അവിടെയിരിക്കുന്നു. ഞാനവരുടെ വിഡിയോ ഷൂട്ട് ചെയ്തു. എന്റെ വിഡിയോ എന്റെ്റെ ഫോണിൽ തന്നെയുണ്ട്. മീഡിയക്ക് കാണിച്ചുകൊടുത്തതുമാണ്. ആരും തെറ്റായി ഒന്നും പറഞ്ഞില്ല. ആകെയുള്ള 150 പ്രതിപക്ഷ എം.പിമാരിൽ 143 പേരെയും പുറത്താക്കിയതിനെ കുറിച്ച് മാധ്യമങ്ങളിൽ ഒരു വിധത്തിലുള്ള ചർച്ചയുമില്ല. അദാനി വിഷയത്തിലും ചർച്ചയില്ല. റാഫേലിനെ കുറിച്ചും മിണ്ടുന്നില്ല. തൊഴിലില്ലായ്‌മയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. തകർന്ന ഹൃദയവുമായി ഞങ്ങളുടെ എം.പിമാർ പുറത്തിരിക്കുകയാണ്. നിങ്ങളതെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്."-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
© Copyright 2023. All Rights Reserved