കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളും റദ്ദാക്കി മലയാള സിനിമ. വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചു.
-------------------aud--------------------------------
ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിർമ്മാതാക്കൾ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ദുഃഖ സൂചകമായി, വൈകിട്ട് 5 മണിക്ക് നിശ്ചയിച്ചിരുന്ന സിനിമാ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി നിർമ്മാതാവ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫൂട്ടേജിന്റെ’ നിർമ്മാതാക്കൾ വയനാട് ദുരന്തത്തെ തുടർന്ന് തങ്ങളുടെ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 2 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
”വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നു” എന്ന് നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ മുൻകരുതൽ പോസ്റ്റുകൾ പങ്കിടുകയും, ദുരന്ത പശ്ചാത്തലത്തിൽ സുരക്ഷിതരായിരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നടത്താനിരുന്ന എന്റർടൈൻമെന്റ് അവാർഡ് നൈറ്റിനെക്കുറിച്ചുള്ള വാർത്താസമ്മേളനം താരസംഘടനയായ ‘അമ്മ’ റദ്ദാക്കി.
© Copyright 2023. All Rights Reserved